തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാർഡ് തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പ് നിർമിച്ചത് താനാണെന്ന് ജെയ്‌സൺ മുകളേൽ സമ്മതിച്ചതായി പൊലീസ്. കോടതി നിർദേശമുള്ളതിനാൽ അഞ്ചുവരെ ജെയസണെ അറസ്റ്റ് ചെയ്യില്ല.യൂത്ത് കോൺഗ്രസ് കാസർകോട് ത്രിക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻറാണ് ജെയ്‌സൺ.
ആദ്യ ഘട്ട ചോദ്യം ചെയ്യലിലാണ് ജെയ്‌സൺ കുറ്റം സമ്മതിച്ചത്. ആപ്പ് നിർമിക്കാനുളള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തതെന്നാണ് ജെയ്‌സണിന്റെ മൊഴി. കാസർകോട് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാർഡ് നിർമിച്ചതെന്നും ജെയ്‌സൺ മൊഴി നൽകി. ഈ സാഹചര്യത്തിൽ വ്യാജ ഐഡി കാർഡ് നിർമ്മാണത്തിൽ കൂടുതൽ പേർ പങ്കാളികളായാണ് പൊലീസ് നിഗമനം.
കേസിൽ ആറാം പ്രതിയാണ് ജെയ്‌സൺ. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. രഞ്ജു കൂടി പിടിയിലായാൽ മാത്രമേ കേസിൽ നേതൃത്വത്തിന് പങ്കുണ്ടോയെന്ന് വ്യക്തമാകൂ. കുറ്റങ്ങളെല്ലാം താൻ തന്നെ ചെയ്തു എന്നാണ് ജെയ്‌സൺ പറയുന്നത്. ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് കാർഡ് നിർമിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് നേതാക്കൾക്ക് കേസിൽ പങ്കുണ്ടോയെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം വേണ്ടിവരും. ഒളിവിലുള്ള രഞ്ജുവിന് എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ രഞ്ജുവിെൻറ അറസ്റ്റിനാണ് പൊലീസ് പ്രാധാന്യം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.