തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷ്, എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാനായിരുന്ന ബിനോയ് ജേക്കബ് എന്നിവരടക്കം പത്തുപേരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്.
എയർ ഇന്ത്യ ഉദ്യോഗസ്ഥനായ എൽ.എസ്. സിബുവിനെതിരെ വനിതാ ജീവനക്കാെരക്കൊണ്ട് വ്യാജ പീഡന പരാതി നൽകിച്ചത് രണ്ടാം പ്രതിയും എയർ ഇന്ത്യ സാറ്റ്സിലെ എച്ച്.ആർ മാനേജരുമായിരുന്ന സ്വപ്ന സുരേഷാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. വ്യാജ പരാതി തയാറാക്കിയതും സ്വപ്നയാണെന്ന് കുറ്റപത്രത്തിലുണ്ട്. ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ദീപക് ആന്റോ, ഷീബ, നീതു മോഹൻ, ഉമ മഹേശ്വരി സുധാകർ, സത്യ സുബ്രഹ്മണ്യം, ആർ.എം.എസ്. രാജൻ, ലീന ബിനീഷ്, അഡ്വ. ശ്രീജ ശശിധരൻ എന്നിവരാണ് മറ്റ് പ്രതികൾ.
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിെന്നന്നാണ് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്. സ്വപ്ന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണിത്. തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ആദ്യം എഴുതിത്തള്ളിയ കേസാണിത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ സംഘടനാ നേതാവ് കൂടിയായിരുന്നു എൽ.എസ്. സിബു.
വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് ചുമതല നിർവഹിച്ചിരുന്ന സാറ്റ്സിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യം മൂലമാണ് സിബുവിനെതിരെ വ്യാജ പീഡന പരാതിയെന്നാണ് കണ്ടെത്തൽ. തന്റെ അറിവില്ലാതെയാണ് പരാതി തയാറാക്കിയതെന്ന് പരാതിയിൽ ഒപ്പുണ്ടായിരുന്ന ഒരു ജീവനക്കാരി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പരാതി വ്യാജമായി ചമച്ചതാണെന്ന് തെളിഞ്ഞത്.
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യൽ അട്ടിമറിക്കാൻ എം. ശിവശങ്കർ ഇടപെട്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സത്യം പറഞ്ഞതിലുള്ള പ്രതികരണമാണ് തനിക്കെതിരായി ഇപ്പോൾ സമർപ്പിക്കപ്പെട്ടിട്ടുള്ള കുറ്റപത്രമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. സർവിസിലേക്ക് തിരിച്ചെത്തിയ ശിവശങ്കർ അധികാരം ഉപയോഗിച്ച് തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനവും അവർ മാധ്യമപ്രവർത്തകരോട് ഉന്നയിച്ചു.
എന്നാൽ, കുറ്റപത്രം സമർപ്പിച്ചത് തന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണെന്ന സ്വപ്നയുടെ പ്രസ്താവന ക്രൈംബ്രാഞ്ച് തള്ളുകയാണ്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഹൈകോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ വിശദീകരണം. ഉടൻ കുറ്റപത്രം നൽകുമെന്നായിരുന്നു ഒന്നരവർഷം മുമ്പ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
എന്നാൽ സ്വപ്ന ഉൾപ്പെട്ട മറ്റ് കേസുകളിലെന്ന പോലെ ഈ കേസിലെയും അന്വേഷണം ഇഴയുകയായിരുന്നു. തന്റെ വെളിപ്പെടുത്തലും പിന്നാലെയുള്ള കുറ്റപത്ര സമർപ്പണവും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോൾ സ്വപ്ന ഉന്നയിക്കുന്നത്. 2019ൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന് മേൽ ഉന്നതങ്ങളിൽ നിന്നും സമ്മർദമുണ്ടായെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.