കോഴിക്കോട്: ബി.ജെ.പിയുടെ സൈബർ ഇടങ്ങളിലെ പരാമർശങ്ങൾ അതേപോലെ എടുത്ത് പൊതുവേദികളിൽ വീശുന്നത് കേന്ദ്ര മന്ത്രിക്ക് യോജിച്ചതല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർകോട്ട് വിവിധ ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു പരിപാടിയിൽ കേന്ദ്രമന്ത്രി ഒരിക്കലും പരാമർശിക്കാൻ പാടില്ലാത്തതാണ് പറഞ്ഞത്. പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്ക് അടിസ്ഥാനമില്ല എന്ന് പരിശോധിച്ചാൽ മനസ്സിലാകും. അരിക്കൊമ്പൻ റോഡ് എന്ന പേരിലുള്ള മൂന്നാർ ഗ്യാപ് റോഡിന്റെ ഡി.പി.ആർ തയാറാക്കിയതും വികസനത്തിനുള്ള വനഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതും നിർമിച്ചതും കേരള സർക്കാറാണ്. കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തി ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കണം. റോഡ് മനോഹരമായി പണിതീർത്തത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നാഷനൽ ഹൈവേ വിഭാഗമാണ്.
ഇടുക്കി ഇക്കോ ലോഡ്ജിന് സംസ്ഥാന ടൂറിസം വകുപ്പിന് ഒരു പങ്കുമില്ലെന്ന കുപ്രചാരണമാണ് കേന്ദ്രമന്ത്രി നടത്തുന്നത്. 2.43 കോടി രൂപ ഇക്കോ ലോഡ്ജ് പദ്ധതിയിൽ സംസ്ഥാന സർക്കാറിന്റേതാണ്. നടത്തിപ്പിനുള്ള തുക നൽകിയത് സംസ്ഥാന ടൂറിസം വകുപ്പാണ്. പീരുമേട്ടിലെ ഇക്കോ ലോഡ്ജിന് സംസ്ഥാന സർക്കാർ നൽകിയ പണം 2.35 കോടി രൂപയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത നിർമാണത്തിന് സംസ്ഥാന സർക്കാർ കാലണ നൽകിയിട്ടില്ല എന്ന കുപ്രചാരണമാണ് വി. മുരളീധരൻ നടത്തുന്നത്. സംസ്ഥാന സർക്കാർ 25 ശതമാനമായ 5600ലധികം കോടി രൂപയാണ് ചെലവഴിച്ചത്. ദേശീയപാത ഉദ്ഘാടന പരിപാടിയിൽ കേരളീയ സമൂഹത്തെയാണ് മുരളീധരൻ അസംബന്ധങ്ങൾ പറഞ്ഞ് അപമാനിച്ചത്. അതിന് മാപ്പുപറയാൻ കേന്ദ്രമന്ത്രി തയാറാകണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.