അവളെയും മക്കളെയും നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു -ഭർത്താവ് സാജുവിനെതിരെ കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബം

കോട്ടയം: ലണ്ടനിലെ നോർത്താംപ്ടണ്‍ ഷെയറിൽ മലയാളി നഴ്സ് അഞ്ജു കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സാജുവിനെതിരെ ആരോപണവുമായി അഞ്ജുവിന്റെ കുടുംബം. അഞ്ജുവിനെയും മക്കളെയും സാജു മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ പറഞ്ഞു. നേരത്തെ വീട്ടിൽ വെച്ചും അഞ്ജുവിന് നേരെ ആക്രമണമുണ്ടായിരുന്നു. തടുക്കാൻ ചെന്നപ്പോൾ തങ്ങൾക്ക് നേരെയും സാജു അരിശത്തോടെ വന്നുവെന്നും അമ്മ പറയുന്നു.

സാജുവിന് എന്ത് പറഞ്ഞാലും ദേഷ്യമാണ്. നാലുവയസുള്ള കുഞ്ഞിനെ മർദ്ദിക്കുമായിരുന്നു. കൊലപ്പെടുത്തിയത് സാജു തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്നും അഞ്ജുവിന്റെ മാതാപിതാക്കൾ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ അഞ്ജുവിനെ അലട്ടിയിരുന്നുവെന്ന് പിതാവ് അശോകന്‍ പറഞ്ഞു. ജോലിയില്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു. മകളും മരുമകനും തമ്മില്‍ മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന വിവരം ലഭിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.

അതേസമയം, അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് ലണ്ടൻ പോലീസ് കുടുംബത്തെ അറിയിച്ചു. കഴുത്ത് ഞെരിച്ചോ കയർ ഉപയോഗിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് ലണ്ടൻ പോലീസിന്റെ നിഗമനം. ലണ്ടനിലെ നോർത്തംപ്ടൺഷെയറിലെ കെറ്റെറിംഗിലാണ് ദാരുണമായ കൊലപാതകം നടന്നത്. മലയാളിയായ നഴ്സും ഇവരുടെ ആറും നാലും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് താമസ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കൊല്ലപ്പെട്ട നിലയിലും കുട്ടികളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് രണ്ട് കുട്ടികളും മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവിയെയും ജീവയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. അഞ്ജുവിന്റെ ഭർത്താവ് സാജു പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ അഞ്ജുവിന്‍റെ ഭർത്താവായ 52കാരന്‍ സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വർഷമായി ലണ്ടനിൽ കുടുംബ സമേതം കഴിയുകയാണ് ഇവർ. കെറ്ററിങ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

Tags:    
News Summary - Family of Anju against her husband Saju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.