പത്തനംതിട്ട: അടൂർ പഴകുളം സ്വദേശിയായ യുവ എൻജിനീയറെ മുംബൈയിലെ എണ്ണ സംസ്കരണ പ്ലാന്റിൽ കാണാതായിട്ട് ഒരാഴ്ച. മകനെപ്പറ്റി പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എൻ.ജി.സിയിൽനിന്ന് വ്യക്തത ലഭിക്കുന്നില്ലെന്ന് മാതാപിതാക്കൾ നിറകണ്ണുകളോടെ പറയുന്നു. പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ വിമുക്തഭടൻ ഗീവർഗീസ് ബേബിയുടെ മൂത്തമകൻ എനോസ് വർഗീസിനെയാണ് (25) ഫെബ്രുവരി 24ന് വൈകീട്ട് മുതൽ കാണാതായത്.
മുംബൈ ബാന്ദ്ര കേന്ദ്രീകരിച്ച് ഒ.എൻ.ജി.സി എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലെ ജോലിക്കിടെ കടലിൽ കാണാതായെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, എനോസിനെ കണ്ടെത്തുന്നതിൽ കാര്യമായ ഒരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകാത്തത് ദുരൂഹമാണെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഒ.എൻ.ജി.സിക്കായി കരാർ ജോലിചെയ്യുന്ന ബറോഡയിലെ സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനിയിലെ ഇല്ട്രിക്കൽ എൻജിനീയറായിരുന്നു എനോസ്. മുംബൈ നഗരത്തിൽനിന്ന് 150 കിലോമീറ്റർ അകലെ കടലിലെ ഹൈ സൗത്ത് എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലായിരുന്നു സംഭവസമയത്ത് ജോലി ചെയ്തിരുന്നത്. തന്റെ സൂപ്പർവൈസറായ കരണിനെ സംബന്ധിച്ച് എനോസ് അയച്ച ചില സന്ദേശങ്ങൾ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. കരണിനെ പിന്തുണക്കുന്നതരത്തിൽ കമ്പനി അധികൃതർ നിലപാടെടുത്തെന്നും പിതാവ് ഗീവർഗീസ് ബേബി പറഞ്ഞു. ഇതിനിടെ കരൺ നാട്ടിലേക്ക് വിളിച്ച് എനോസ് അയച്ച സന്ദേശങ്ങളെക്കുറിച്ച് ആരാഞ്ഞിരുന്നതായി സഹോദരൻ എബി വർഗീസ് പറഞ്ഞു.
എനോസിനെ കാണാതായതറിഞ്ഞ് പിതാവ് മുംബൈ യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ഒ.എൻ.ജി.സിയുടെ പരാതിയും പൊലീസിൽ ലഭിച്ചിരുന്നു. കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി, എം.എൽ.എ, സംസ്ഥാന- ജില്ല പൊലീസ് മേധാവികൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ മാതാവ് സിബി വർഗീസ്, ബന്ധുക്കളായ ജോൺ ബേബി, ജയ്സൺ ജയിംസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.