ചെറുവത്തൂർ (കാസർകോട്): മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ തങ്ങളും പ്രതികളായ ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിൽ മൊഴിയെടുത്തു തുടങ്ങി.
ചന്തേര പൊലീസിൽ പരാതി നൽകിയ പയ്യന്നൂർ, പെരിങ്ങോം, കാേങ്കാൽ സ്വദേശികൾ തൃക്കരിപ്പൂരിലെത്തി മൊഴി നൽകി. 13 കേസുകളിലാണ് ഇപ്പോൾ അേന്വഷണം. നിലവിൽ 55 കേസുകളാണുള്ളത്.
ചന്തേര പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ മാതാവും മകനും പരാതിക്കാരായ രണ്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണ് 55 ആയത്. ചന്തേര പൊലീസിൽ 39ഉം കാസര്‍കോട്ട് 10ഉം പയ്യന്നൂരിൽ ആറും കേസുകളാണെടുത്തിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സുധാകരെൻറ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ സി.എ. അബ്ദുറഹീം, എം.എ. മാത്യു, ടി. മധുസൂദനന് എന്നിവരുള്‍പ്പെടുന്ന 12 അംഗ സംഘമാണ് അന്വേഷിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ദിവസങ്ങളായെങ്കിലും രണ്ട് പൊലീസുകാര്‍ക്കും ഡ്രൈവര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം നീളുകയായിരുന്നു.
മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തിയശേഷം ഇന്നലെ യോഗം ചേര്‍ന്നാണ് അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്. 13 കേസുകളിലായി 1.45 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണപരിധിയില്‍ വരുന്നത്. ഈ കേസുകളുടെ ഫയലുകള്‍ പൊലീസ്, ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.