കോട്ടയം: സിസ്റ്റർ അഭയ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്‍റെ കയ്യൊപ്പുള്ള വിധിയാണിത്. അഭയ കേസില്‍ അപക്വമായ ഒരു പെരുമാറ്റം പോലും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു.
നിയമ യുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും താൻ നടത്തി. തന്‍റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ദൈവത്തിന്‍റെ കാരുണ്യം കൊണ്ടാണ്. കേസ് അവസാനിച്ച ശേഷം പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നു കാട്ടുമെന്നും ജോസ് പുതൃക്കയില്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുരോഹിതനായത് കൊണ്ടാണ് തനിക്കെതിരെ കേസുണ്ടായത്. പൗരോഹിത്യത്തെ ഒാർത്ത് താനൊരു നിമിഷം പോലും നിരാശനായിട്ടില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ പുരോഹിതനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ദൈവം എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് ആരോടും പിണക്കമില്ലെന്നും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെന്നും ജോസ് പുതൃക്കയില്‍ പറഞ്ഞു.
സിസ്റ്റർ അഭയ മരിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ല. താൻ എങ്ങനെയാണ് അത് അറിയുന്നത്. നിയമം നിയമത്തിന്‍റെ വഴിയിൽ പോകുമ്പോൾ കൊലപാതകിയെ കണ്ടെത്താൻ കഴിയുമായിരിക്കും. സിസ്റ്റർ അഭയ തന്‍റെ വിദ്യാർഥിയായിരുന്നു. അഭയക്ക് നീതി കിട്ടണം. മറ്റ് സമ്മർദങ്ങളില്ലാതെ ദൈവത്തിന്‍റെ വഴിയിലൂടെ പോകുമ്പോൾ നീതി കിട്ടുമെന്നും ജോസ് പുതൃക്കയില്‍ പ്രത്യാശിച്ചു.
കേസിൽ സഭ പിന്തുണച്ചത് തങ്ങളുടേത് പൊതുവേദനയായി കണ്ടാണ്. തങ്ങൾ നിരപരാധികളാണെന്ന് പരിശുദ്ധാത്മാവ് നല്ല ബോധ്യം കൊടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.