ദമ്മാം: മൂന്നു വർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിന്റെ 10ാം നിലയിൽനിന്ന് വീണുമരിച്ച എൻട്രൻസ് കോച്ചിങ് വിദ്യാർഥിയുടേത് കൊലപാതകമാണെന്ന് പിതാവ്. ദമ്മാമിൽ പ്രവാസിയായ തൃശൂർ ചാലക്കുടി സ്വദേശി റോയി കെ. ഊക്കനാണ് ഏകമകൾ ഐറിൻ റോയി ഊക്കന്റെ (18) മരണത്തിൽ സംശയമുന്നയിച്ചും അതിൽ തന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നും ആരോപിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. ദമ്മാമിൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ റോയി കെ. ഊക്കനും മകൻ അലൻ റോയി ഊക്കനും നടന്ന സംഭവങ്ങൾ വിശദീകരിച്ചു.
മാതാവ് ബെൻസി ഗുരുതര രോഗബാധിതയായി സംസാരിക്കാൻ പോലും കഴിയാതെ കിടപ്പിലാണ്. സംഭവമുണ്ടായ വീട്ടിലുണ്ടായിരുന്ന തന്റെ സഹോദരിയുടെ മകൾക്കും സഹോദരി ഭർത്താവിനും എതിരെയാണ് റോയ് ആരോപണമുന്നയിക്കുന്നത്. 97 ശതമാനത്തിലധികം മാർക്കോടെ പ്ലസ്ടു വിജയിച്ച ഐറിൻ പാലായിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ഐറിൻ ആദ്യത്തെ 10 റാങ്കിനുള്ളിൽ എത്തുമെന്ന പ്രതീക്ഷ അധ്യാപകർ തന്നെ മാതാപിതാക്കൾക്ക് നൽകിയിരുന്നു.
പിതാവ് ഗൾഫിലും മാതാവ് രോഗിയുമായതോടെ കൂടുതൽ സൗകര്യം തേടിയാണ് എൻട്രൻസ് കോച്ചിങ് സെന്ററിന്റെ എറണാകുളം ശാഖയിലേക്ക് ഐറിൻ മാറുന്നത്. എറണാകുളത്തുള്ള സഹോദരിയുടെ സംരക്ഷണം മകൾക്ക് കിട്ടുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതീക്ഷ. ഇവിടത്തെ താമസത്തിനിടയിലാണ് മരണം സംഭവിക്കുന്നത്.
10ാമത്തെ നിലയിൽ വ്യായാമത്തിൽ ഏർപ്പെടുന്നതിനിടയിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു എന്നായിരുന്നു ലഭിച്ച വിവരം.
ഉടൻതന്നെ നാട്ടിലെത്തിയ റോയിക്ക് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അന്നേ തോന്നിയിരുന്നു. ബന്ധുക്കൾക്കൊന്നും ഈ മരണത്തിൽ കാര്യമായ വിഷമമുള്ളതായി തോന്നിയിരുന്നില്ലെന്നും റോയി പറയുന്നു. വീണിടത്ത് ഒരു മണിക്കൂറോളം കിടന്ന് രക്തം വാർന്നാണത്രെ മരിച്ചത്. ആശുപത്രിയിലെത്തിക്കാൻ ആരും തയാറായതുമില്ല. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ ബന്ധുക്കൾ തടയുകയും ചെയ്തു. ഇതെല്ലാം സംശയം ബലപ്പെടുത്തുന്നതായി.
മാത്രമല്ല, സഹോദരൻ അലനാണ് ഐറിനെ താഴേക്ക് തള്ളിയിട്ടതെന്ന തരത്തിൽ ബന്ധുക്കൾ പ്രചാരണം ആരംഭിക്കുകയും ചെയ്തു. ഐറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നൽകിയ പത്രപരസ്യം കണ്ട് ഒരാൾ ഫോണിൽ വിളിച്ച് താൻ കണ്ട കാര്യങ്ങൾ പറഞ്ഞതോടെ റോയിയുടെ സംശയം ബലപ്പെട്ടു. ഐറിൻ താഴേക്ക് വീഴുമ്പോൾ താൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും മറ്റൊരു പെൺകുട്ടിയുമായുണ്ടായ പിടിവലിക്കിടയിലാണ് ഐറിൻ താഴേക്ക് വീണതെന്നുമാണ് അയാൾ പറഞ്ഞത്. ദൃക്സാക്ഷിയാണെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്ന ആളായതിനാൽ കേസിൽ സാക്ഷിയാകാൻ സാധിക്കില്ലെന്ന് അയാൾ അറിയിച്ചത്രെ.
സംഭവ സ്ഥലത്തുണ്ടായിരുന്ന സഹോദരൻ അലന്റെ മൊഴിയും ഇതിനെ ശരിവെക്കുന്നതാണ്. അമ്മാവന്റെ മകളുമായി വഴക്ക് കൂടുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും അൽപം മാറി വ്യായാമം ചെയ്തിരുന്ന താൻ കണ്ടിരുന്നുവെന്നും കുറേക്കഴിഞ്ഞപ്പോൾ അമ്മാവന്റെ മോൾ ഓടിപ്പോകുന്നത് കണ്ട് നോക്കിയപ്പോഴാണ് സഹോദരി താഴേക്ക് വീണ കാര്യമറിഞ്ഞതെന്നും അലൻ പറയുന്നു.
പരാതിപ്പെട്ടിട്ടും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലായെന്ന ആരോപണവും റോയി ഉന്നയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായില്ല. പിന്നീട് പരാതിയെത്തുടർന്ന് പൊലീസ് അന്വേഷിക്കാനെത്തുമ്പോഴേക്കും കാമറകൾ അവിടെനിന്ന് നീക്കം ചെയ്തിരുന്നുവത്രേ. ഇത് കൂടാതെ രോഗിയായി കിടന്ന തന്റെ ഭാര്യക്ക് വീര്യംകൂടിയ ഉറക്ക ഗുളികകൾ നൽകിയിരുന്നെന്നും പിന്നാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നും റോയി ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതും അതിനിടെ കോടതി ഇടപെടലുണ്ടായതും കേസിനെ ജീവൻ വെപ്പിച്ചിട്ടുണ്ട്. ആരോപണ വിധേയയായ പെൺകുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കാൻ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലുടെ അത് നീട്ടിക്കൊണ്ടുപോവുകയാണന്നും റോയി പറഞ്ഞു. തന്റെ മകൾക്ക് നീതികിട്ടണമെന്നും ഒപ്പം ഇതിനു പിന്നിലുള്ള ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരണം എന്നുമാണ് റോയി ഊക്കന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.