കൊച്ചി: കഴിഞ്ഞ ദിവസം പെരുമ്പിലാവിൽ വാഹനാപകടത്തിൽ മരിച്ച നിവേദിത അറക്കൽ ലവ് ജിഹാദിെൻറ ഇരയാണെന്ന ആരോപണങ്ങൾ തള്ളി പിതാവുതന്നെ രംഗത്ത്. മുസ്ലിം യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത മകൾ ലവ് ജിഹാദിെൻറ ഇരയല്ലെന്നും നിയമപരമായി രജിസ്റ്റർ വിവാഹം കഴിച്ച് പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയായിരുന്നു അവളെന്നും പിതാവ് ഷാജി ജോസഫ് അറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അമീനെ വിവാഹം ചെയ്ത്, ഫാത്തിമയെന്ന പേരു സ്വീകരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശി നിവേദിത കഴിഞ്ഞ ശനിയാഴ്ചയാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാെല, നിവേദിതയെ ഫാത്തിമയാക്കിയത് ലവ് ജിഹാദിലൂടെയാണെന്നും മറ്റുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതിനു മറുപടിയായാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, ഷാജി ജോസഫ് വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് രംഗത്തെത്തിയത്.
‘മതമൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് തെൻറ മകളുടെ ഭർത്താവായ അമീനിേൻറത്. മകൾ ഫോണിലൂടെ എല്ലാ ദിവസവും തങ്ങളോടു പറഞ്ഞതും നേരിട്ടറിഞ്ഞതുമനുസരിച്ച് അവളെ അവർ ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാർഥ്യങ്ങൾ അറിവുള്ളവരാണ്.
തങ്ങളുടെ ഇടവക സെമിത്തേരിയിൽ അടക്കം ചെയ്യാൻ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിെൻറ ഹൃദയവിശാലത തുറന്നുകാട്ടുന്നു. മൃതസംസ്കാര ശുശ്രൂഷകൾ പൂർണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവർ മലപ്പുറത്തേക്ക് മടങ്ങിയത്' എന്നും കുറിപ്പിൽ പറയുന്നു. ‘ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിെൻറ വിത്ത് വിതയ്ക്കരുത്’ എന്ന അപേക്ഷയുമായാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.