പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രത്തിൽ ഗംഭീരമുന്നേറ്റം രാഹുൽ മാങ്കൂട്ടത്തിൽ കാഴ്ചവെച്ചപ്പോൾ ട്രോളി ബാഗുമായി പാലക്കാട്ടെ നിരത്തുകളിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. രാഹുലിനെതിരെ എൽ.ഡി.എഫും ബി.ജെ.പിയും ഉയർത്തിയ വിവാദമായ ‘ട്രോളിയിലെ കള്ളപ്പണ’ ആരോപണത്തെ പരിഹസിച്ചാണ് പ്രവർത്തകരുടെ പ്രകടനം. ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ ജയിച്ചപ്പോൾ ബിരിയാണി ചെമ്പുമായി ‘ചെമ്പട ഇത് ചെമ്പട’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രകടനത്തെ ഓർമിപ്പിക്കുന്നതാണ് പാലക്കാട്ടെ ‘ട്രോളി പ്രകടനം’.
ആറ് റൗണ്ട് പൂർത്തിയായപ്പോൾ 400 വോട്ടിന്റെ ഭൂരിപക്ഷമാണ് കൃഷ്ണകുമാറിന് ലഭിച്ചത്. കഴിഞ്ഞ തവണ ആയിരക്ക ഭൂരിപക്ഷമായിരുന്നു ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന് ലഭിച്ചിരുന്നത്. എന്നാൽ, കൃഷ്ണകുമാറിന് അതിന് അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. 960 വോട്ടായിരുന്നു അഞ്ചാംറൗണ്ടിൽ കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം. 21622 വോട്ട് കൃഷ്ണകുമാറിനും 20662 വോട്ട് രാഹുലിനും പി. സരിന് 11422 വോട്ടുമാണ് അഞ്ച് റൗണ്ട് വരെ ലഭിച്ചത്.
നാലാം റൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായിരുന്നു ലീഡ്. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കൃഷ്ണകുമാർ വിയർക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കൃഷ്ണകുമാറിനെ മൂന്നാം റൗണ്ടിലെത്തിയതോടെ രാഹുൽ മറികടക്കുകയായിരുന്നു. 2021ൽ 3000ൽ അധികം ലീഡുണ്ടായിരുന്ന ഇടങ്ങളിൽ 858 വോട്ടിന്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ലഭിച്ചത്.
പാലക്കാട് നഗസഭയിൽ തിരിച്ചടിയുണ്ടായതോടെ ഇനി ബി.ജെ.പിക്ക് തിരിച്ചുവരാൻ പ്രയാസമായിരിക്കും. പിരായിരിയും മാത്തൂരും കണ്ണാടിയും ഉൾപ്പെടുന്ന പഞ്ചായത്തുകൾ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. അത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.