തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിൽ മലപ്പുറത്തിനായി മത്സരിച്ച് മികവ് പുലർത്തിയ കുറുമ്പത്തൂർ ചേരുലാൽ എച്ച്.എസ്.എസിലെ ഫാത്തിമ സുനൈനക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിലും അഭിമാനനേട്ടം. തൈക്കാട് ചാലിയാർ വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടിയാണ് ഫാത്തിമ കലോത്സവത്തിൽ ശ്രദ്ധേയമായത്.
ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ അമ്മ സമൂഹത്തിൽ നിന്ന് നേരിടുന്ന അവഗണനയും സങ്കട അനുഭവങ്ങളുമാണ് ഫാത്തിമ തന്റെ ഏകാഭിനയത്തിലൂടെ സദസിനോട് പങ്കുവെച്ചത്. കവയത്രി സുഗതകുമാരിയുടെ 'കൊല്ലേണ്ടതെങ്ങിനെ' എന്ന കവിതയിൽ നിന്നുള്ള വരികളിൽ നിന്നെടുത്ത ആശയത്തിലാണ് സുനൈന വേദിയിൽ അഭിനയിച്ച് ജീവിച്ചത്. ഭിന്നശേഷിക്കാർക്ക് സമൂഹത്തിന്റെ സഹതാപമല്ല ചേർത്തുപിടിക്കാലാണ് ആവശ്യമെന്ന് മോണോആക്ടിലൂടെ സുനൈന പറഞ്ഞുവെച്ചു. തന്റെ മരണ ശേഷം മകളുടെ ഭാവിയോർത്ത് മകളെ കൊല്ലാൻ ആഗ്രഹിക്കുകയും എന്നാൽ അതിന് സാധിക്കാതെയും വരുന്ന ഒരു അമ്മയുടെ വിലാപത്തോടെയാണ് സുനൈന സദസിനെ ചിന്തിപ്പിച്ച് ഏകാഭിനയം അവസാനിപ്പിക്കുന്നത്. നിറഞ്ഞ കൈയടിയോടെയാണ് സദസ് ആ അഭിനയത്തെ നെഞ്ചോട് ചേർത്തത്.
മലയാളം മോണോ ആക്ടിലും ഇംഗ്ലീഷ് പദ്യം ചൊല്ലലിലും സുനൈന സബ്ജില്ല തലങ്ങളിൽ മത്സരിച്ചിരുന്നു. കായിക മത്സരത്തിൽ ഷോട്ട്പുട്ടിനൊപ്പം ഡിസ്കസ് ത്രോയിലും താരം പങ്കെടുത്തിരുന്നു. സ്കൂളിലെ അറബിക് അധ്യാപികയായ ശാഹിനയാണ് മോണോ ആക്ട് വിവർത്തനം ചെയ്ത് പിന്തുണ നൽകിയത്. മത്സരത്തിൽ എ ഗ്രേഡ് നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും കായികവും കലയും ഒരുപോലെ ഇഷ്ടമാണെന്നും ഫാത്തിമ സുനൈന ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.