തവനൂർ: ഡി.എഫ്.ഒ ഓഫിസ് തകർത്ത സംഭവത്തില്‍ ജാമ്യം ലഭിച്ച പി.വി. അൻവർ എം.എൽ.എ ജയിൽ മോചിതനായി. ജാമ്യം നൽകിയ കോടതി ഉത്തരവ് ജയിലിൽ എത്തിച്ചതിന് പിന്നാലെ രാത്രി എട്ടരയോടെയാണ് അൻവർ ജയിൽ മോചിതനായത്. അൻവറിനെ ഡി.എം.കെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വരവേറ്റു.
ഇനി ഒറ്റയാൾ പോരാട്ടമല്ലെന്നും ‘പിണറായിസ’ത്തെ താഴെയിറക്കുകയാണ് ഒരേയൊരു ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു. യു.ഡി.എഫുമായി കൈകോർത്ത് മുന്നോട്ടുപോകും. ഇനി കൂട്ടായ പോരാട്ടമാണ്. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല. സാഹചര്യത്തിനനുസരിച്ച് മാറും. ശത്രുവിനെ തകർക്കുകയാണ് ലക്ഷ്യം. അതിന് സാധ്യമായ മാർഗങ്ങളെല്ലാം നോക്കും.
ദൈവത്തിന് സ്തുതി, തനിക്ക് പിന്തുണ നൽകിയ യു.ഡി.എഫിന് നന്ദി. പാണക്കാട് സാദിഖലി തങ്ങൾക്കും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യേകം നന്ദി പറയുന്നു. വി.ഡി. സതീശനുമായി ഭിന്നതയില്ല. അദ്ദേഹവുമായി സഹകരിച്ചുപോകും.
പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്തമാക്കും. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി, ക്രൈസ്തവ പുരോഹതന്മാരുമായി ചേർന്നുള്ള പോരാട്ടം തുടരും. വനനിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം ചെറുക്കുെമന്നും പി.വി. അൻവർ പറഞ്ഞു..
ഡി.എഫ്.ഒ ഓഫിസ് തകർത്ത സംഭവത്തില്‍ റിമാൻഡിലായിരുന്ന പി.വി. അൻവർ എം.എൽ.എക്ക് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് നടപടി.
കേസിൽ മറ്റ് പ്രതികൾ കൂടിയുണ്ടെന്നും അവരെ തിരിച്ചറിയണമെങ്കിൽ റിമാന്‍റിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നുമാണ് പൊലീസ് ആവശ‍്യപ്പെട്ടത്. എന്നാൽ, ഞായറാഴ്ച ഉച്ചക്ക് 12 ന് കേസിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ‍്യം ചെയ്യാനുള്ള സമയം ലഭിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
എന്നാൽ, പ്രത‍്യേക ക്രമസമാധാന സാഹചര്യമായിരുന്നതിനാൽ കസ്റ്റഡിയിലുള്ളവരെ ചോദ‍്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വാദിഭാഗം അറിയിച്ചു. ജാമ‍്യാപേക്ഷ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പരിഗണിച്ച കോടതി വിധി പറയാൻ വൈകീട്ട് അഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 4.55 നാണ് ജാമ‍്യം നൽകിയത്.
പി.വി. അൻവറിന്‍റെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയാണ് ഞായറാഴ്ച രാത്രി ഡിവൈ.എസ്.പി. ബാലചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.