മലപ്പുറം: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണമെന്ന് മുസ് ലിം ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുല്‍ വഹാബ് ഹരിത സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു. അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി. ലീഗിന് മീതെ അഭിപ്രായ പ്രകടനം നടത്തുന്ന വനിത വിദ്യാര്‍ഥി നേതാക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
സ്ത്രീവിരുദ്ധ പരാമർശം നടത്തി അപമാനിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് നേതാക്കൾക്കെതിരെ വിദ്യാർഥിനി വിഭാഗമായ 'എം.എസ്.എഫ് ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതിനെച്ചൊല്ലിയാണ് മുസ്ലിം ലീഗിൽ പുതിയ വിവാദമുണ്ടായത്. ഹരിതയുടെ മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ഭാരവാഹികളുടെ യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും ഫോണിലൂടെ മലപ്പുറം ജില്ല ജന. സെക്രട്ടറി വി. അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശനം നടത്തിയെന്നതാണ് പരാതി. മുസ്ലിം ലീഗ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വനിത കമീഷനെ സമീപിച്ചതെന്ന് ഹരിത ഭാരവാഹികൾ പറയുന്നു.
ഹരിതയിൽ ഭാരവാഹി പുനഃസംഘടന നടക്കുന്നതിനിടെ മലപ്പുറം ജില്ല കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത നടപടിക്കെതിരെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് പാണക്കാട് സാദിഖലി തങ്ങൾക്കും മറ്റു നേതാക്കൾക്കും ഭാരവാഹികൾ പരാതി നൽകിയിരുന്നു. തുടർന്ന് പ്രശ്നം ചർച്ച ചെയ്യാൻ കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നവാസ് മോശം പരാമർശം നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്ത ഹരിത സംസ്ഥാന ഭാരവാഹിയോട്- 'ഒരു വേശ്യക്കും ന്യായീകരണമുണ്ടാകുമല്ലോ, അത് പറയൂ' എന്ന് പറഞ്ഞാണ് അപമാനിച്ചതത്രെ. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരുതരം പ്രത്യേക ഫെമിനിസ്റ്റുകളാണെന്നും മറ്റും മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുൽ വഹാബ് പ്രചരിപ്പിച്ചതായും പരാതിയിൽ ആരോപിച്ചു. പ്രശ്നത്തിൽ നിയമ നടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ഹരിത നേതാക്കളായ മുഫീദ തസ്നി (വയനാട്), നജ്മ തബ്ഷീറ (മലപ്പുറം), വി.കെ. ഷംന (കോഴിക്കോട്), ജുവൈരിയ (പാലക്കാട്), മിന ഫർസാന (മലപ്പുറം), ഫർഹ (കണ്ണൂർ), ബരീര താഹ (കൊല്ലം), അനഘ (കോഴിക്കോട്), വി.പി. ഫസീല (മലപ്പുറം), ആഷിദ (എറണാകുളം) എന്നിവരാണ് പരാതിയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.