കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുൽ സത്താർ നൽകിയ ഹരജി എറണാകുളം സി.ബി.ഐ കോടതി തള്ളി. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ അന്വേഷണ ഏജൻസിയുടെയോ പരാതിക്കാരുടെയോ അപേക്ഷയില്ലാതെ മജിസ്ട്രേറ്റ് കോടതിക്ക് സ്വമേധയ തുടരന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.
എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന് ആർ.എസ്.എസ് പ്രവർത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സത്താർ തുടരന്വേഷണം ആവശ്യപ്പെട്ടത്. സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തലും സുബീഷിെൻറ വെളിപ്പെടുത്തലും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ഫസൽ കൊല്ലപ്പെടുന്നത്. പത്രവിതരണത്തിനു പോയ ഫസലിനെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപം ഒരുസംഘം ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ തെളിവുകൾ പരിശോധിച്ചാണ് സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടുപേരെ പ്രതികളാക്കി കുറ്റപത്രം നൽകിയത്. സുബീഷ് നടത്തിയ വെളിപ്പെടുത്തലിെൻറ വിഡിയോ ദൃശ്യങ്ങളും പെൻഡ്രൈവും സത്താർ ഹാജരാക്കിയിരുന്നു. ഇതിൽ പറയുന്ന പ്രകാരം കൊല്ലപ്പെട്ട സമയം, ഉപയോഗിച്ച ആയുധങ്ങൾ തുടങ്ങിയ കാര്യങ്ങൾ കേസിലെ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു.
പൊലീസ് പീഡിപ്പിച്ചതിനെത്തുടർന്നാണ് ഫസൽ വധക്കേസിൽ പങ്കുണ്ടെന്ന മൊഴി നൽകിയതെന്നും ഇതേക്കുറിച്ച് സ്വകാര്യ അന്യായം ഫയൽ ചെയ്തിട്ടുണ്ടെന്നും സുബീഷ് പിന്നീട് വ്യക്തമാക്കിയതും ഉത്തരവിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.