കെ.എസ്.ആർ.ടി.സിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവീസ് 16ന് തുടങ്ങും

തിരുവനന്തപുരം; സംസ്ഥാനത്തെ വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന കെ.എസ്.ആർ.ടി.സിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും. ന​ഗരത്തിലെ റസിഡൻഷ്യൽ ഏര്യകളിൽ ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിന് വേണ്ടിയും ന​ഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെ.എസ്.ആർ.ടി.സി ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകുന്നതിലൂടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകും. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദേശിച്ചാണ് ഫീഡർ സർവീസ് ആരംഭിക്കുന്നത്. സിറ്റി സർക്കുലർ, ഫീഡർ സർവീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രധാന ആകർഷണം.

ഈ ബസുകളിലെ യാത്ര പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ചാണ്. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. സർവീസ് നടത്തുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് കാർഡിന്റെ വിതരണവും റീച്ചാർജ്ജിംഗും ലഭ്യമാക്കും. ഫീഡർ ബസുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും കാർഡുകൾ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും.

100 രൂപ മുതൽ 2000 രൂപ വരെ ട്രാവൽ കാർഡ്

പ്രാരംഭമായി 100 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 100 രൂപയുടെ യാത്രാ നടത്താൻ കഴിയും. 100 രൂപ മുതൽ 2000 രൂപ വരെ ഒരു ട്രാവൽ കാർഡിൽ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് ഉപയോഗിക്കാനും സാധിക്കും. 250 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ്ജുകൾക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കുന്നതാണ്. ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിൽ ഉണ്ടാകുക, ടിക്കറ്റ് നൽകുന്നതിനായി പ്രത്യേകം കണ്ടക്ടറെ നിയോഗിക്കുന്നതല്ല.

പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ചായിരിക്കും യാത്ര. ഉടൻ തന്നെ ഫോൺ പേ വഴിയുളള QR കോഡ് ടിക്കറ്റിംഗും നടപ്പിലാക്കും. ഏകദേശം 7.5 കി.മി ദൂരം വരുന്ന മൂന്ന് ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പരിഷ്ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സർവീസ് നടത്തുന്നത്.

ബസിനുള്ളിലും പുറത്തും സി.സി.ടി.വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ ആറു മുതൽ 25 സീറ്റർ വരെയുള്ള വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ കരാറിൽ ഏർപ്പെട്ട് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത ഏരിയകളിൽ സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ ആദ്യ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന്റെ ഉദ്ഘാടനം 16 തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് മണികണ്ഠേശ്വരത്ത് വച്ച് മന്ത്രി അഡ്വ: ആന്റണി രാജു നിർവ്വഹിക്കും.

മണ്ണന്തല - കുടപ്പനക്കുന്ന് - എ.കെ.ജി നഗർ - പേരൂർക്കട - ഇന്ദിരാ നഗർ - മണികണ്ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് - തിട്ടമംഗലം - കുണ്ടമൺകടവ് - വലിയവിള - തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവ്വീസ് സർവ്വീസ് നടത്തുന്നത്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം - നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട - വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം - കാട്ടാക്കട റോഡ് എന്നിങ്ങനെ നാലു പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ ഫീഡർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

റസിഡൻസ് അസോസിയേഷനുകളുടെ പങ്കാളിത്തം

ഈ റൂട്ടിലെ 10 ഓളം റസിഡൻസ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോട് കൂടിയാണ് ഈ ഫീഡർ സർവീസ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ യോഗങ്ങൾ ചേരുകയും, ഫീഡർ സർവീസുകളുടെ വിജയത്തിനായി ഗൃഹസന്ദർശനങ്ങൾ അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകൾ മുഖാന്തിരം 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ മിനി ബസ് ഉപയോഗിച്ച് ആരംഭിക്കുന്ന ഈ സർവീസിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആറ് സീറ്റർ മുതൽ 24 സീറ്റർ വരെയുള്ള വാഹനങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്ന് കെ.എസ്.ആർ.ടി.സി. ലീസിനെടുത്ത് സർവീസ് നടത്തുന്ന ഒരു സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.

ഫീഡർ സർവ്വീസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് ഫീഡർ സർവ്വീസുകളുടെ നോഡൽ ആഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് - ഈ-മെയിൽ cty@kerala.gov.in (cty@kerala[dot]gov[dot]in)

Tags:    
News Summary - Feeder service, an innovative project of KSRTC, will start on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.