തിരുവനന്തപുരം: പനി പ്രതിരോധത്തിന് വഴിതേടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച സർവകക്ഷിയോഗം ചേരാനിരിക്കെ, സംസ്ഥാനത്ത് പനിബാധിച്ച് നാലുപേർ കൂടി മരിച്ചു. പകർച്ചപ്പനി ബാധിച്ച് വ്യാഴാഴ്ച 23,190 പേർ പുതുതായി ചികിത്സ തേടി.
ഡെങ്കിപ്പനിയെ തുടർന്ന് തിരുവനന്തപുരം പട്ടം സ്വദേശിനി അനുശ്രീ (22), വർക്കല ചെമ്മരുതി സ്വദേശി ജാൻ (നാല്), പയ്യന്നൂർ സ്വദേശിനി ലക്ഷ്മി (65), എലിപ്പനിയെ തുടർന്ന് ഇടുക്കി തട്ടക്കുഴ സ്വദേശി അഭിലാഷ് (25) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 182 പേരായി.
വിവിധ സർക്കാർ ആശുപത്രികളിൽ വ്യാഴാഴ്ച ചികിത്സ തേടിയെടത്തിയ 23,190 പേരിൽ 896 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 157 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 219 പേരും ചികിത്സ തേടി. തലസ്ഥാന ജില്ലയെ ഭീതിയിലാഴ്ത്തി ഡെങ്കിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
ഡെങ്കി സ്ഥിരീകരിച്ച 157 പേരിൽ 78ഉം തിരുവനന്തപുരത്താണ്. പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരമാണ് മുന്നിൽ. മലപ്പുറം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. വ്യാഴാഴ്ച മാത്രം 3284 പേരാണ് ജില്ലയിൽ പനിബാധിച്ച് ചികിത്സ തേടിയത്.
കൊല്ലം -2077 (ഡെങ്കി- 20), പത്തനംതിട്ട- 811(ഡെങ്കി- നാല്), ഇടുക്കി- 606 (ഡെങ്കി- ആറ്), കോട്ടയം- 1269 (ഡെങ്കി- അഞ്ച്), ആലപ്പുഴ- 1035 (ഡെങ്കി- മൂന്ന്), എറണാകുളം- 1483 (ഡെങ്കി- 17), തൃശൂർ- 1960, പാലക്കാട്- 2499, മലപ്പുറം- 3151 (ഡെങ്കി- എട്ട്), കോഴിക്കോട്- 2042 (ഡെങ്കി- ഒന്ന്), വയനാട്- 828 (ഡെങ്കി- മൂന്ന്), കണ്ണൂർ- 1417 (ഡെങ്കി- 11), കാസർകോട്- 725 (ഡെങ്കി- ഒന്ന്) എന്നിങ്ങനെയാണ് ജില്ലകളിലെ പനിബാധിതരുടെ കണക്ക്.
18 പേർക്ക് എച്ച്1 എൻ1 ബാധിച്ചിട്ടുണ്ട്. കൊല്ലം- ആറ്, വയനാട്- നാല്, കണ്ണൂർ- മൂന്ന്, എറണാകുളം- രണ്ട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം ഓരോന്നുവീതം എന്നിങ്ങനെയാണ് എച്ച്1 എൻ1 ബാധിതർ. 11 പേർക്ക് എലിപ്പനിയും 69 പേർക്ക് ചിക്കൻ പോക്സും അഞ്ചുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 12 പേരും ചികിത്സതേടി.
സംസ്ഥാനത്ത് ഈ വർഷം പനിബാധിച്ചവരുടെ എണ്ണം 12.8 ലക്ഷമാണ്. ഈ മാസം മാത്രം 3,28,735 പേർക്ക് പനിപിടിപെട്ടു. പനി ബാധിച്ച് മരിച്ചവരുടെ എണ്ണം സർവകാല റെക്കോഡാണ്. പനി വ്യാപകമായ 2015ൽ പോലും 114 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.