മേപ്പാടി: വിദ്യാർഥിയിൽനിന്ന് 18 പവൻ സ്വർണവും 50,000 രൂപയും വാഹന ഇടപാടുകാർ തട്ടിയത് അജ്ഞത മുതലെടുത്ത്. വിദ്യാർഥിക്ക് വാടകക്കു കൊടുത്ത ആഡംബര ബൈക്ക് അപകടത്തിൽപെട്ട സംഭവം മറയാക്കിയാണ് വാഹന ഇടപാടുകാരൻ ബൈക്കിെൻറ വിലയെക്കാൾ അധികം തുക കൈക്കലാക്കിയത്.
വാഹന ഇടപാടുകാരനും സഹായികളും കഴിഞ്ഞ ദിവസം മേപ്പാടി പൊലീസിെൻറ പിടിയിലാകുന്നത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ്. കൽപറ്റ ഗൂഡലായ് സ്വദേശി നിധിൻ സൈമൺ (21), മേപ്പാടി സ്വദേശികളായ ഫസൽ (21), ശ്രീജ (35) എന്നിവരും മേപ്പാടി സ്വദേശികളായ രണ്ട് പ്ലസ് ടു വിദ്യാർഥികളും മൂന്നു ദിവസം മുമ്പ് അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മേപ്പാടിക്കാരനായ പ്ലസ് ടു വിദ്യാർഥി തെൻറ സുഹൃത്തിനൊപ്പം നിധിൻ സൈമണിെൻറ ആഡംബര ബൈക്ക് വാടകക്കെടുത്തിരുന്നു. ഇൗ ബൈക്ക് അപകടത്തിൽപെടുകയും ചെറിയ കേടുപാട് സംഭവിക്കുകയും ചെയ്തു. ബൈക്ക് നന്നാക്കാനെന്ന പേരിൽ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി നിധിൻ 50,000 രൂപയോളം വാങ്ങി. പിതാവിെൻറ അമ്മയുടെ അക്കൗണ്ടിൽനിന്ന് എ.ടി.എം കാർഡുപയോഗിച്ചാണ് പലയിടത്തു നിന്നായി തുക പിൻവലിച്ച് നൽകിയത്. ഈ തുകയൊന്നും മതിയാകില്ലെന്നു പറഞ്ഞ് വിദ്യാർഥിയെ വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർഥി വീട്ടിൽനിന്ന് 18 പവൻ സ്വർണം മോഷ്ടിച്ച് ഇയാൾക്കു നൽകുകയായിരുന്നു. ഇയാളുടെ സഹായികളായി പ്രവർത്തിച്ചത് ഫസലും ശ്രീജയുമാണ്.
പഴയ സ്വർണമായതിനാൽ കുറഞ്ഞ വിലയേ ലഭിക്കൂവെന്ന് വിദ്യാർഥിയെ ധരിപ്പിച്ചാണ് ഇത്രയും സ്വർണം വാങ്ങിയെടുത്തത്. കൽപറ്റയിലെ നാലു ജ്വല്ലറികളിലായി വിൽപന നടത്തിയാണ് പണം വാങ്ങിയത്. പലപ്പോഴായി വീട്ടിൽനിന്ന് കൂടുതൽ പണവും വിദ്യാർഥി എടുത്തിട്ടുണ്ടെന്നാണ് സൂചന. വിദ്യാർഥിയുടെ പിതാവ് ഏപ്രിൽ 25ന് മേപ്പാടി പൊലീസിൽ പരാതി നൽകുന്നതോടെയാണ് തട്ടിപ്പു വിവരം അറിയുന്നത്. പ്രതികളുടെ അറസ്റ്റിനുശേഷം കൽപറ്റയിലെ നാലു പ്രമുഖ ജ്വല്ലറികളിൽ നിന്നായി 15 പവനോളം സ്വർണം (ആഭരണങ്ങൾ ഉരുക്കിയത്) പൊലീസ് കണ്ടെടുത്തു. പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. െഎ.പി.സി 454, 461, 506 എന്നിങ്ങനെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച പ്രതികൾ ജാമ്യത്തിലിറങ്ങി. വിദ്യാർഥികൾ രണ്ടുപേരും പ്രായപൂർത്തിയാകാത്തവരാണ്. എങ്കിലും െഎ.പി.സി 380 വകുപ്പ് പ്രകാരം മോഷണത്തിന് അവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കേസ് ജുവൈനൽ കോടതിയുടെ പരിഗണനയിലാണ്. മേപ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ ജിതേഷ്, അഡീഷനൽ എസ്.ഐ കെ.സി. മാത്യു, സിവിൽ പൊലീസ് ഓഫിസർ ടോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാസങ്ങൾ നീണ്ട അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.