കൊച്ചി: മരംമുറി ഉത്തരവ് വിവാദമായതിനെത്തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം. ക്വാറി മാഫിയ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേര സ്വപ്നം കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർവരെ രംഗത്തുണ്ട്. മുൻ സർക്കാറിെൻറ അവസാനകാലത്ത് വഴിവിട്ട പല ഫയലുകളും സെക്രട്ടറി തടഞ്ഞിരുന്നു. ട്രിവാൻഡ്രം ടെന്നിസ് ക്ലബിെൻറ പാട്ടം ഇളവ് നൽകാനുള്ള തീരുമാനത്തോട് വിയോജിപ്പ് എഴുതി. സാമൂഹിക ആവശ്യത്തിനല്ല ഇളവെന്ന് ഫയലിൽ കുറിച്ചതും വിവാദമായി.
ഹാരിസൺസ് ഭൂമി സംബന്ധിച്ച് സിവിൽ കേസ് നൽകാനുള്ള നടപടി സാവധാനം മതിയെന്നായിരുന്നു ഉന്നതതല നിർദേശം. എന്നാൽ, അടിയന്തരമായി സിവിൽ കേസ് നൽകാൻ ജില്ല കലക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് നിർദേശം നൽകി. ക്വാറി മുതലാളിമാർക്ക് സഹായം നൽകിയ റവന്യൂവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെ കൈയോടെ പിടിച്ചു. അന്വേഷണത്തിൽ അദ്ദേഹത്തിെൻറ ഭാര്യക്ക് ക്വാറികളിലൊന്നിൽ ഓഹരിയുണ്ടെന്ന് കണ്ടെത്തി. അദ്ദേഹത്തെ ആ ചുമതലയിൽനിന്ന് മാറ്റി. പിന്നാലെ അനിയന്ത്രിതമായി പാറ പൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. ഇത് ക്വാറി മാഫിയയുടെ ശത്രുതക്ക് കാരണമായി.
ഇപ്പോൾ വിവാദമായ പട്ടയഭൂമിയെ മരം മുറിക്കൽ ഉത്തരവിനായി വാദിച്ചത് മുൻ മന്ത്രി അടക്കമുള്ള ഇടുക്കിയിൽനിന്നുള്ള നേതാക്കളാണ്. റവന്യൂ മന്ത്രിയുടെ വിയോജിപ്പ് മറികടക്കാൻ എ.കെ.ജി സെൻററിൽ സി.പി.എം-സി.പി.ഐ ചർച്ച നടത്തി. അതിനുശേഷമാണ് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ മരംമുറിക്ക് വഴങ്ങിയത്. നിയമോപദേശത്തിലും ഉത്തരവ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. നിയമോപദേശം ലഭിച്ചയുടൻ വിവാദ ഉത്തരവ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പിൻവലിെച്ചങ്കിലും ഏറെ മരങ്ങൾ നിലംപൊത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.