ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ സി.പി.എമ്മും പാർട്ടിയുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളും തമ്മിലുള്ള പോര് മറനീക്കി പുറത്ത്. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സർക്കാരിനു തന്നെയാണെന്ന് വ്യക്തമാക്കി സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലായ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.വി. ജയരാജൻ രംഗത്തുവന്നതിനു പിന്നാലെയാണ് മറുപടിയുമായി ഫേസ്ബുക്ക് കുറിപ്പ്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന സാമൂഹിക മാധ്യമങ്ങൾ വിലക്കു വാങ്ങിയതാണെന്നും യുവാക്കൾ ഇത് മാത്രം നോക്കിയിരുന്നതിന്റെ ദുരന്തമാണ് പാർട്ടി തെരഞ്ഞെടുപ്പിൽ നേരിട്ടതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
സി.പി.എം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലെല്ലാം പോരാളി ഷാജിയിൽ നിന്ന് പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം ഗ്രൂപ്പുകൾ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. പാർട്ടി കേന്ദ്രങ്ങളിലടക്കം ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും പോസ്റ്റിലുണ്ട്. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് തോല്‍വിക്ക് കാരണം. കേരളം കടം കയറി മുടിഞ്ഞതും ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍. ഭരണ തുടര്‍ച്ചയുടെ ഓബ്രോ വിളികളില്‍, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സര്‍... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം:
ഇത്രയും വലിയ തോൽവിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്.
കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്പോൾ. ഭരണ തുടർച്ചയുടെ ഓബ്രോ വിളികളിൽ. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേർ... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയത്
ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്ക്....
ബംഗാളിലെ ഭരണ തുടർച്ച ആസ്വദിച്ച് മണിമാളികളിൽ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റിൽ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കൾ പഴയ സഖാക്കൾക്ക് ഒന്ന് മൊഴിമാറ്റം നടത്തി നൽകണം. പഴയ കൺസൾട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലത്.
തോൽവിയുടെ കാരണങ്ങളിൽ ചിലത് ഇവയാണ് അതിന്റ കാരണക്കാരും നിങ്ങളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.