ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകീട്ട് ആറിന് ആഴ്ചവട്ടത്തെ ‘കേരള കല’ വീട്ടുവളപ്പിൽ.

എ.ഐ.സി.സി അംഗവും മാതൃഭൂമി ഡയറക്ടറുമാണ്. 1977ൽ സുജാത എന്ന ചിത്രം നിർമിച്ചാണ് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന് അദ്ദേഹം തുടക്കമിട്ടത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാന ചിത്രം. പല ചിത്രങ്ങളും സംസ്ഥാന ദേശീയ പുരസ്കാരങ്ങളടക്കം നേടി.

കെ.ടി.സി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഗംഗാധരന്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ്, മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതി ചെയർമാൻ, ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയും കെ.ടി.സി ഗ്രൂപ് സ്ഥാപകനുമായ പരേതനായ പി.വി. സാമിയുടെയും പരേതയായ മാധവിയുടെയും മകനായി 1943ലാണ് ജനനം. ഭാര്യ: ഷെറിൻ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. ജയ് തിലക് (ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഓർത്തോപീഡിക്സ് അമൃത ഹോസ്പിറ്റൽ കൊച്ചി), ഡോ. ബിജിൽ രാഹുലൻ, ഡോ. സന്ദീപ് ശ്രീധരൻ (അസോ. പ്രഫ. ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി, മലബാർ മെഡിക്കൽ കോളജ് കോഴിക്കോട്). സഹോദരങ്ങൾ: പി.വി. ചന്ദ്രൻ (മാതൃഭൂമി മാനേജിങ് എഡിറ്റർ), കുമാരി ജയരാജ്.

Tags:    
News Summary - Filmmaker P.V. Gangadharan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.