മലപ്പുറം: വർഗീയ ഫാഷിസത്തെ ചെറുത്തുതോൽപിക്കാനും രാജ്യത്തെ മതനിരപേക്ഷതയുടെ പാതയിൽ അടിയുറച്ചുനിർത്താനും 2024ൽ അന്തിമപോരാട്ടത്തിന് തയാറെടുക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2004ൽ സി.പി.എം നേതൃപരമായ പങ്കുവഹിച്ചാണ് ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മതേതര സർക്കാറിനെ അധികാരത്തിലേറ്റിയത്. വർഗീയതയും ഏകാധിപത്യവും കൂടുതൽ ഭീകരരൂപം കൈവരിച്ച പുതിയ സാഹചര്യത്തിൽ ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ എല്ലാ പ്രതിപക്ഷ സ്വരങ്ങളേയും ഒരുമിപ്പിക്കേണ്ട അതിനിർണായക സന്ദർഭമാണിത്. വർഗീയതയുടെ അജണ്ടകളെ ചെറുത്തുതോൽപിച്ച് മാനവികതയുടെ വിളനിലങ്ങളെ വീണ്ടെടുക്കണം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണം ശക്തമാവുകയാണ്. ഗോമാതയുടേയും ഏക സിവിൽ കോഡിന്റേയും ലവ് ജിഹാദിന്റേയും പേരിൽ തുടരുന്ന വിദ്വേഷ പ്രചാരണം ജുഡീഷ്യറിക്ക് പോലും തടയാനാവുന്നില്ല.
ദേവഭൂമി എന്ന പേരിൽ ഹിന്ദുത്വ ശക്തികൾ ഉത്തരാഖണ്ഡിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന മുസ്ലിംകളെ ആട്ടിപ്പായിക്കുന്നു. ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് ഹിന്ദുത്വഭരണം നിലനിർത്തുകയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. ജനാധിപത്യ ഇന്ത്യയുടെ പാർലമെന്റ് ഉദ്ഘാടനമായിരുന്നില്ല, ഹിന്ദു രാജാവിന്റെ കിരീടധാരണമായിരുന്നു ഡൽഹിയിൽ കണ്ടത്. പരീക്ഷ എഴുതാൻ കോളജിൽ വന്ന ഹിജാബിട്ട മുസ്ലിം പെൺകുട്ടിയെ തിരിച്ചയച്ച രാജ്യത്താണ്, പാർലമെന്റ് ഉദ്ഘാടനത്തിന് ജപമാലയുമായി കാവിവസ്ത്രധാരികൾ നിരനിരയായി എത്തുന്നത്. ഇതെന്ത് നീതിയാണ്? ഒരു മതവിഭാഗത്തിന്റേയും ചിഹ്നങ്ങൾ രാഷ്ട്രത്തിന്റെ ഭാഗമാകരുത്. അയോധ്യ വിധി നടപ്പാക്കപ്പെട്ടു, എന്നാൽ നീതി നടപ്പാക്കപ്പെട്ടില്ല.
നീതിക്കുമേൽ അനീതി വാഴുന്ന സ്ഥിതിയിലേക്ക് ജുഡീഷ്യറിയെ ഹിന്ദുത്വ ഭരണകൂടം കൊണ്ടുചെന്നെത്തിച്ചു. ഭാവിയിലേക്കുള്ള പ്രകാശ രശ്മിയാണ് ഇ.എം.എസ്. അദ്ദേഹം വെട്ടിത്തെളിച്ച പാതയിൽ നേട്ടങ്ങൾ കൈവരിച്ച കേരളം മതനിരപേക്ഷതയുടെ നിലനിൽപിനുള്ള അന്തിമപോരാട്ടത്തിൽ കൈകോർത്തു പിടിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.