ഒടുവിൽ സർക്കാർ തീരുമാനിച്ചു; അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്ക് വേണം

തൊടുപുഴ: അന്തർസംസ്ഥാന തൊഴിലാളികളുടെ സമ്പൂർണ വിവരശേഖരണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇവരുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കെടുപ്പ്. അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ വിപുലമായും സമഗ്രമായും ശേഖരിക്കുന്നത് ഇതാദ്യമാണ്.

വിവരശേഖരണത്തിന് നേരത്തേ തൊഴിൽ വകുപ്പ് വെബ്പോർട്ടൽ തയാറാക്കിയിരുന്നു. തൊഴിലാളികൾക്കും കരാറുകാർക്കും തൊഴിലുടമകൾക്കും സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്ന പോർട്ടൽ വഴിയുള്ള വിവരശേഖരണം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് വിലയിരുത്തൽ.

അവിദഗ്ധ തൊഴിൽ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ ബാഹുല്യം സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ആവശ്യമായ വിവരങ്ങൾ സാമ്പത്തിക, സ്ഥിതിവിവര കണക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു 14ാം നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ പ്രധാന ശിപാർശകളിൽ ഒന്ന്.

അന്തർസംസ്ഥാന തൊഴിലാളികളുടെ സമ്പൂർണ സ്ഥിതിവിവരക്കണക്ക് ലഭ്യമല്ലെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിവര ശേഖരണത്തിന് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവായത്.

തൊഴിൽ വകുപ്പുമായി സഹകരിച്ചാകും കണക്കെടുപ്പ്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്തവർഷത്തോടെ വിവരശേഖരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.പി. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.

തൊഴിൽ, പൊലീസ് എന്നിവയടക്കം വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന- ജില്ലതലങ്ങളിൽ രൂപവത്കരിക്കുന്ന കമ്മിറ്റികളുടെ കീഴിലാകും വിവര ശേഖരണം. ഇക്കാര്യത്തിലും പദ്ധതിക്കായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചും വൈകാതെ തീരുമാനമുണ്ടായേക്കും.

പ്രവാസികളിലൂടെയും മറ്റും സംസ്ഥാനത്തെത്തുന്ന വരുമാനം പ്രയോജനകരമായി വിനിമയം ചെയ്യപ്പെടാതെ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നത് കേരളത്തിന് ദോഷകരമാകുമെന്ന നിയമസഭ സമിതിയുടെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് സമഗ്ര പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്.

Tags:    
News Summary - Finally the government decided to check the count of Interstate workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.