വീണ വിജയൻ 1.72 കോടിക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി സി.എം.ആർ.എല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പിന്റെ വിശദീകരണം. വീണ വിജയന്റെ എക്സാലോജിക് കമ്പനിയാണ് പണം കൈപ്പറ്റിയത്. ഈ തുകക്കുള്ള ഐ.ജി.എസ്.ടി കമ്പനി അടച്ചുവെന്ന വിശദീകരണമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജി.എസ്.ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേസമയം, വീണ വിജയന്റെ കമ്പനി എത്ര തുകയാണ് അടച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരമായതിനാൽ അത് പുറത്ത് വിടുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്. നേരത്തെ എക്സാലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിന്റെ ജി.എസ്.ടി വിവരങ്ങൾ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഇത് വരാത്തതിനാലാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചത്.

സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ജി.എസ്.ടി വകുപ്പ് നിലപാട്. ഒരു നികുതിദായകൻ നൽകുന്ന നികുതിയുടെ വിവരങ്ങൾ വെളി​പ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയത് വലിയ രാഷ്രടീയവിവാദങ്ങൾക്ക് കാരണമായിരുന്നു. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും പുറത്ത് വന്നതോടെ വിഷയം പ്രതിപക്ഷം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി.

Tags:    
News Summary - Finance Department says that Veena Vijayan has paid IGST on 1.72 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.