തിരുവനന്തപുരം: സംയോജിത ചരക്കു സേവന നികുതിയിൽ (ഐ.ജി.എസ്.ടി) സംസ്ഥാന വിഹിതം സംബന്ധിച്ച് കണക്കുകളില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൃത്യമായി ഐ.ജി.എസ്.ടി വിഹിതം തരുന്നെന്നാണ് കേന്ദ്ര നിലപാട്. എങ്കിലും കുറേക്കൂടി പണം കേരളത്തിന് ഈയിനത്തിൽ ലഭിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വിശദമായ പഠനത്തിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനോട് നിർദേശിച്ചിട്ടുണ്ട്. ഇത്ര കോടി ലഭിക്കാനുണ്ടെന്ന അവകാശ വാദം നിലവിലില്ല. 25,000 കോടി കിട്ടാനുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ കണക്ക് സർക്കാറിന് മുന്നിലില്ലെന്നും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ കച്ചവടവും അക്കൗണ്ടിൽ വരുന്നതോടെ സ്ഥിതി കുറെക്കൂടി മെച്ചപ്പെടും. വീണ്ടും കച്ചവടം ചെയ്യാതെ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ കാര്യത്തിൽ ക്ലെയിം ഉണ്ടാകുന്നില്ല. വൈദ്യുതി ബോർഡ് കൊണ്ടുവന്ന ട്രാൻസ്ഫോമറിൽ വീണ്ടും വിൽപന നടക്കാത്തതിനാൽ ഐ.ജി.എസ്.ടി ക്ലെയിം വന്നില്ല. കണക്ക് ശേഖരിച്ച് 20 കോടിയോളം രൂപ ലഭിച്ചു. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കും. ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ വീണ്ടും വിമർശിച്ച ധനമന്ത്രി ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ലഭിക്കാനുണ്ടെന്നതല്ല, നഷ്ടപരിഹാരം അഞ്ചുവർഷം കൂടി നീട്ടണമെന്നാണ് നിലപാടെന്ന് വ്യക്തമാക്കി.
750 കോടിയേ ഇനി നഷ്ടപരിഹാരം കിട്ടാനുള്ളൂ. കേരളം ഉന്നയിക്കാത്ത വിഷയമാണ് പാർലമെന്‍റിൽ എം.പി ചോദിച്ചത്. എം.പിമാർക്ക് സംസ്ഥാന നിലപാട് സംബന്ധിച്ച് ആവശ്യമെങ്കിൽ ഇനിയും കുറിപ്പ് നൽകും. സംസ്ഥാന താൽപര്യം സംരക്ഷിക്കാനാണ് എം.പിമാർ ശ്രദ്ധിക്കേണ്ടത്. അർഹമായത് വാങ്ങിയെടുക്കാൻ ശ്രദ്ധിക്കണം. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാട് സ്വീകരിക്കരുത്. കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ജി.എസ്.ടിയിൽ കണക്ക് നൽകേണ്ടത് സർക്കാറല്ല. കണക്ക് നൽകിയതായാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാന ബജറ്റിൽ അനിവാര്യമായ നികുതി വർധനയാണ് വരുത്തിയത്. ഇതിന്‍റെ പേരിലെ സമരത്തിനിടയിൽ കേന്ദ്രത്തിന്‍റെ ജനവിരുദ്ധ ബജറ്റ് ചർച്ചയായില്ല. ബി.ജെ.പി താൽപര്യം സംരക്ഷിക്കും വിധമാണ് കോൺഗ്രസും ബി.ജെ.പിയുമെടുത്ത സമീപനം. ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് സമരം ചെയ്യുകയായിരുന്നു.
രണ്ടു രൂപയാണ് ഇന്ധന സെസ് ഏർപ്പെടുത്തിയത്. കേന്ദ്രം പെട്രോളിന് 19 രൂപയും ഡീസലിന് 14 രൂപയും സെസ് ഈടാക്കുന്നു. ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നു. സംസ്ഥാന ബജറ്റിൽ ഒരു രൂപ സെസ് കൊണ്ടുവന്നത് യു.ഡി.എഫാണ്. കിഫ്ബിയിൽ കരാറുകാർക്ക് പണം കിട്ടുന്നില്ലെന്ന് പറഞ്ഞത് പരിശോധിക്കും. സ്വർണത്തിൽ കേരളത്തിന് ഇനിയും വരുമാന സാധ്യതയുണ്ട്. അതിൽ പ്രതിപക്ഷത്തോട് യോജിക്കുന്നെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.