തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവിന് മുമ്പ് മുല്ലപ്പെരിയാറിൽ കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് കണ്ടെത്തൽ. മരം മുറി ഉത്തരവ് വിവാദമായതിനെ തുടർന്ന് മുല്ലപ്പെരിയാർ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഇതേതുടർന്ന് വനം, ജലവിഭവ വകുപ്പുകൾ രേഖകൾ പരിശോധിച്ചു വരികയാണ്. ഇതിലാണ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ അണക്കെട്ടിൽ സംയുക്ത പരിശോധന നടത്തിയെന്ന് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, അണക്കെട്ടിൽ കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയില്ലെന്നാണ് വനം മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, അണക്കെട്ടിൽ ഇരു സംസ്ഥാനത്തെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നാണ് സ്ഥിരീകരണം. ഈ സാഹചര്യത്തിൽ തെറ്റായ പ്രസ്താവന തിരുത്താൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ സ്പീക്കർക്ക് കുറിപ്പ് നൽകി.
കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയ ശേഷമാണ് ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് എന്ന കണ്ടെത്തൽ പുതിയ വിവാദത്തിന് വഴിവെച്ചേക്കും. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയതെന്നാണ് വനം മന്ത്രി പറഞ്ഞത്.
എന്നാൽ, സംയുക്ത പരിശോധന നടത്തിയത് വഴി ഒന്നിലധികം പേരുടെ പങ്ക് മരം മുറി ഉത്തരവിന് പിന്നിലില്ലേ എന്ന ചോദ്യം ഉയർന്നു വരും. കൂടാതെ, വനം മന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദവുമായി രംഗത്തെത്താൻ പ്രതിപക്ഷത്തിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.