തൃപ്പൂണിത്തുറ (കൊച്ചി): അനധികൃത സ്ഫോടകവസ്തു സംഭരണ കെട്ടിടത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുമരണം. 25 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ താലപ്പൊലി ആഘോഷത്തിന് കൊണ്ടുവന്ന വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് നഗരത്തെ നടുക്കിയ ഉഗ്രസ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
വെടിക്കോപ്പുകൾ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം ഉള്ളൂർ വാറുവിളാകത്ത് പൊങ്ങുംമൂട് അശോക് കുമാറിന്റെയും മഞ്ജുവിന്റെയും മകൻ വിഷ്ണു (27), തൊഴിലാളിയായ ദിവാകരൻ (51) എന്നിവരാണ് മരിച്ചത്. വിഷ്ണു സംഭവസ്ഥലത്തും ദിവാകരൻ വൈകീട്ട് ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളായ ശാസ്താംകോട്ട പ്ലാവില വീട്ടിൽ ആദർശ് (28), കൊല്ലം പാരിപ്പിള്ളി ചരുവിള വീട്ടിൽ അനിൽ (49), ശാസ്താം കോട്ട സ്വദേശി മധുസൂദനൻ (60), പുനലൂർ സ്വദേശി ആനന്ദൻ (61) എന്നിവർ കളമശ്ശേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പരിസര പ്രദേശത്തെ താമസക്കാരും ഉൾപ്പെടുന്നു. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാറുകാരന്റെ തൊഴിലാളികളായ വിനീത്, വിനോദ് എന്നിവരെയാണ് ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എക്പ്ലോസീവ് ആക്ട്, മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം വർക്കലയിൽനിന്ന് പുതിയകാവ് ഭഗവതി ദേവസ്വം ക്ഷേത്രത്തിലെ വടക്കേ ചേരുവാരം താലപ്പൊലിയോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിന് ടെമ്പോ ട്രാവലറിലെത്തിച്ച ഡൈനാമിറ്റ്, അമിട്ട്, ഗുണ്ട് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ചൂരക്കാട് വടക്കേ ചേരുവാരത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം പടക്ക നിർമാണ തൊഴിലാളികളായ ഒമ്പതുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരും വെടിക്കെട്ട് ലൈസൻസിയും നടത്തിപ്പുകാരിയുമായ വർക്കല സ്വദേശിനി ആനന്ദവല്ലിയുടെ ജീവനക്കാരാണ് എന്നാണ് പരിക്കേറ്റവർ പറഞ്ഞത്.
സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണം എന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.