കോഴിക്കോട്: ദുരൂഹതകൾ നിറഞ്ഞ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൂന്നാം നാൾ പ്രതിയെ പിടികൂടാനായത് രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനമികവിൽ. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ഡി വൺ കമ്പാർട്മെന്റിൽ ആക്രമി യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം രക്ഷപ്പെട്ടത്. ആക്രമണത്തിനിടെ ട്രാക്കിലേക്കു വീണ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടൻ ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളും സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച തെളിവുമാണ് കേസിൽ നിർണായകമായത്.
പ്രധാന സാക്ഷി റാസിഖ് നൽകിയ വിവരമനുസരിച്ച് പൊലീസ് രേഖാചിത്രം തയാറാക്കിയതിനു പിന്നാലെ ബാഗിൽനിന്ന് ലഭിച്ച ഫോൺ അവസാനമായി പ്രവർത്തിച്ചത് മാർച്ച് 31ന് ഹരിയാനയിലാണെന്നും കണ്ടെത്തി. ബാഗിലെ നോട്ട്ബുക്കിൽനിന്നുള്ള സൂചനകളും ഫോൺ അവസാനം പ്രവർത്തിച്ചതുമെല്ലാം വിശകലനം ചെയ്തപ്പോൾതന്നെ പ്രതി ഉത്തരേന്ത്യക്കാരനാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.
മാത്രമല്ല, ഡൽഹി ശഹീൻബാഗിലെ ഷാറൂഖ് സെയ്ഫിയുടെ പേരിലുള്ളതാണ് ഫോണിലുപയോഗിച്ച സിം കാർഡ് എന്നും വ്യക്തമായതോടെ അന്വേഷണം ഡൽഹി, യു.പി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് റെയിൽവേ പൊലീസ് സംഘം നോയ്ഡയിലേക്കു കുതിക്കുകയും കേരള പൊലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി, യു.പി പൊലീസിന് കൈമാറുകയും ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സംഭവമായി കണ്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്), റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) എന്നിവയെല്ലാം കേരള പൊലീസുമായി സഹകരിച്ചു.
ആദ്യഘട്ടത്തിൽ പൊലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദ്, നോയ്ഡ തുടങ്ങിയ ഭാഗങ്ങളിലെ ഷാറൂഖ് സെയ്ഫി എന്നു പേരുള്ളവരെ തിരയുകയായിരുന്നു. ഗാസിയാബാദിലുള്ളയാളെ കണ്ടെത്തിയെങ്കിലും ഇയാൾക്ക് കേസുമായി ബന്ധമില്ലെന്നുകണ്ട് വിട്ടയച്ചു. എന്നാൽ, നോയ്ഡയിലെ ഷാറൂഖ് സെയ്ഫിയെ കാണാനില്ലെന്ന് വ്യക്തമായതോടെ ഇയാൾതന്നെയാണ് പ്രതിയെന്ന് അന്വേഷണ ഏജൻസികൾ ഉറപ്പിച്ചു.
ഇതോടെ ഇയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി. ഇയാൾ നേരത്തേ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ നമ്പറുകളടക്കം ശേഖരിച്ചെങ്കിലും ഇവ സ്വിച്ച്ഓഫായിരുന്നു. ബുധനാഴ്ച പുലർച്ച ഒന്നരയോടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.