തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ വേളകളിലെ വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ദേവസ്വങ്ങൾ. ആദ്യം ആന എഴുന്നള്ളിപ്പ് മുടക്കാനായിരുന്നു ശ്രമമെങ്കിൽ ഇപ്പോൾ വെടിക്കെട്ട് ഇല്ലാതാക്കാനാണ് നീക്കമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പെസോ ഉദ്യോഗസ്ഥരുമായെത്തി പരിശോധന നടത്തിയിട്ടും വിപരീതഫലമാണ് ഉണ്ടായതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും പറഞ്ഞു. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് ദേവസ്വങ്ങൾ.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വം വേലകളുടെ ഭാഗമായി നടത്തിവരുന്ന വെടിക്കെട്ട് പ്രദർശനത്തിന് അനുമതി നിഷേധിച്ച് ഇന്നലെയാണ് അഡീഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറത്തിറക്കിയത്. പെസോ നിയമങ്ങളും വിവിധ വകുപ്പുകളുടെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് കനത്ത തിരിച്ചടിയായതോടെയാണ് ശക്തമായ പ്രതിഷേധവുമായി ദേവസ്വങ്ങൾ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം വിഷയത്തിൽ ഇളവ് തേടി കത്ത് നൽകിയിരുന്നതായി പറഞ്ഞ ദേവസ്വം ഭാരവാഹികൾ, പരോക്ഷമായി കേന്ദ്രമന്ത്രിയെയും വിമർശിച്ചു. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും, ശിവകാശി ലോബിയാണ് നീക്കത്തിന് പിന്നിലെന്നും ഗിരീഷ് കുമാർ ആരോപിച്ചു.
സുരേഷ് ഗോപി പെസോ ഉദ്യോഗസ്ഥരെ നേരിട്ടെത്തിച്ച് പരിശോധന നടത്തിയെങ്കിലും വിപരീതഫലമാണ് ഉണ്ടായതതെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹി ജി. രാജേഷ് കുമാർ പറഞ്ഞു. വ്യവസായങ്ങളുടെ നിയന്ത്രണാധികാരമുള്ള പെസോയെ വെടിക്കെട്ട് ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്നും രാജേഷ് കുമാർ ആവശ്യപ്പെട്ടു.
ജനുവരി രണ്ടിന് പാറമേക്കാവ് വേലയും ആറിന് തിരുവമ്പാടി വേലയും നടക്കാനിരിക്കെയാണ് ദേവസ്വങ്ങൾക്ക് തലവേദനയായി വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത്. നിയമപരമായി മുന്നോട്ടുപോകുമെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും ഇരുദേവസ്വങ്ങളുടെയും ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.