തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് കനകക്കുന്നിൽ തിരി തെളിഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുഷ്പമേള കൂടാതെ, ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്.
സർക്കാർ സംഘടിപ്പിക്കുന്ന ഇവന്റുകളുടെ വിജയം മറ്റുള്ളവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കാൻ പ്രചോദനമാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഇപ്പോൾ കേരളത്തിൽ ട്രെൻഡായിട്ടുണ്ട്. നിരവധി സംരംഭകർ ഈ മേഖലയിലേക്ക് കടന്നു വരുന്നുമുണ്ട്. കളരി കേന്ദ്രങ്ങളും ബീച്ചുകളും വിവാഹവേദിയായി മാറുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ആരംഭിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ, കോഴിക്കോട്ട് ഈ മാസം 27 നും കൊച്ചിയിൽ 30 നും പുതുവത്സരത്തെ വരവേൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായിട്ടാണ് പൂർണമായും ക്യൂറേറ്റ് ചെയ്ത ഒരു ഫ്ലവർഷോ സംഘടിപ്പിക്കുന്നത്. 75000ത്തിലധികം ചെടികളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി. ശിവൻ കുട്ടി, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ , വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരം: പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം വേറിട്ടതാവും. പുഷ്പമേളക്ക് പുറമെ, ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 75000ത്തോളം ചെടികളാണ് വസന്തോത്സവത്തിന്റെ ഭാഗമാകാൻ എത്തിച്ചിരിക്കുന്നത്. റോസ്, ആന്തൂറിയം, ഒാർക്കിഡ്, ക്രൈസാന്ത്യം, ജമന്തി തുടങ്ങി പുഷ്പങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. റോസാപ്പൂക്കൾകൊണ്ട് അണിയിച്ചൊരുക്കിയ കരടികളും പക്ഷികളും കാഴ്ചക്കാരിൽ കൗതുകം ഉണർത്തും. ഇതിനു പുറമേ, യൂറോപ്യൻ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ദീപാലങ്കൃതമാക്കിയ യൂറോപ്യൻ വീടും ഗാർഡനും കാഴ്ചക്കാരിൽ കൗതുകമുണർത്തും.
പെറ്റ്സ് പാർക്കിൽ വിവിധയിനം മുയലുകൾ, പക്ഷികൾ, പൂച്ച, ആട്ടിൻകുട്ടികൾ തുടങ്ങിയവയെ പരിചയപ്പെടുന്നതിനും അവയുടെ കൂടുകളിൽ കയറി ഓമനിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. നിശാഗന്ധിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. 30 പടുകൂറ്റൻ ക്രിസ്മസ് ബെല്ലുകളും വിവിധ തരം ഇൻററാക്ടിവ് ലൈറ്റ് ഇൻസ്റ്റലേഷനും ദീപാലങ്കാരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശലഭോദ്യാനവും ശലഭ ഊഞ്ഞാലും തിരുവനന്തപുരത്തിന് പുതിയ അനുഭവമായി മാറും. കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നിൽ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെ പാസ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.