ഹരികുമാർ

വയനാട്ടിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ; വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെന്ന് ആരോപണം

കൽപറ്റ: വയനാട് അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാറിനെ (56)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ ആദ്യം കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഹരികുമാറിനെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഹരികുമാറിനോട് മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണയായി എത്താൻ ആവശ്യപ്പെട്ടിരുന്നതായും, ഇതേ തുടർന്നുള്ള മാനസിക വിഷമത്തിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം, കടുവാ കേസുമായി ബന്ധപ്പെട്ട് ആരെയും ഓഫിസിലേക്ക് വിളിച്ച് മൊഴിയെടുത്തിട്ടില്ല എന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. ഹരികുമാറിനോട് വീടിനടുത്ത് വച്ച് ഒരു തവണ മാത്രമേ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്.

കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരുക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരികുമാറടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. കുരുക്ക്‌ അഴിച്ചെടുക്കുന്ന വിധം എങ്ങനെയെന്നൊക്കെ വനംവകുപ്പ്‌ ഹരികുമാറിനോട് ചോദിച്ചത്രേ.

ഹരികുമാറിന്‍റെ മരണത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. 10 മണിക്ക് ബത്തേരി ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. 

Tags:    
News Summary - first person who saw a dead tiger in Wayanad hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.