ആദികാവ്യത്തിലെ രസവിദ്യ

‘‘രാമനാമത്തെജ്ജപിച്ചൊരുകാട്ടാളൻ മുന്നം
മാമുനി പ്രവരനായ് വന്നതുകണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ.’’

ആറു കാണ്ഡങ്ങളിലൂടെ എഴുത്തച്ഛൻ സംക്ഷേപിച്ചു വിവരണം ചെയ്യുന്ന അദ്ധ്യാത്മരാമായണം പേരിൽ സൂചിതമായിരിക്കുന്നതുപോലെ ആധ്യാത്മികമായ വിദ്യയെ ലക്ഷ്യംവെക്കുന്നു. കാട്ടാളൻ രാമനാമത്തെ ജപിച്ചതുവഴി പ്രപഞ്ചതത്ത്വം ദർശിക്കുന്നതും സമകാലികജീവികൾക്ക് മുക്തിയെ നൽകാനായി രാമായണകഥാംശം സരസ്വതീദേവി വാല്മീകിയുടെ നാവിന്മേൽ എഴുതിയെന്നും കാവ്യത്തിൽ പറയുന്നുണ്ട്.
വർത്തമാനകാല ജീവിതത്തെ സംസാരാമയം പിടിപെട്ടിരിക്കുന്നു. പ്രകൃതിയുടെ താളബദ്ധമായ ചലനങ്ങളിൽനിന്ന് മനുഷ്യൻ അകലുകയും സ്വാർഥത്തിൽ വീണു തപിക്കുന്നവനായി മാറുകയും ചെയ്യുന്നു. അവ​​​െൻറ പ്രാരബ്​ദങ്ങളുടെമേൽ പ്രകാശമാനമായ യോഗസാക്ഷാത്കാരം നേടുന്നതിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു.

ഭൂമിയിലെ അടിസ്ഥാന വൈപരീത്യങ്ങൾക്കെല്ലാം കാരണം പരമഭക്തിയുടെ കുറവുതന്നെയാണ്. ഭക്തി മതനിരപേക്ഷമായ മോക്ഷഗതിക്കുള്ള ശരിയായ വഴിയാണ്. ‘സർവമത സാരവുമേകം’ എന്ന നാരായണ ഗുരുവി​​​െൻറ വാക്കുകൾ ഓർക്കുക. ബ്രഹ്മത്വത്തിലേക്ക് അടുക്കുന്നയാളുടെ മനസ്സിലെ കാടുകളെ തെളിക്കാൻ സമഭാവനക്കു കഴിയും. ഭക്തിയിൽ വിലയിക്കുന്ന ആളിന് ദാർശനികമായ അറിവിനെ അതിജീവിക്കുന്ന ജീവിതമുന്നേറ്റം സാധ്യമാകുന്നു. അവനിൽനിന്ന് കർമഭീരു അഴിഞ്ഞുപോകുന്നു. ലോകത്തെ ഏകശാസനമാക്കി ചമച്ച രാവണനെ നേരിടാനുള്ള കർമം രാമനിൽ വന്നുചേരുമ്പോൾ ധർമം എന്ന അടിസ്ഥാനാശയം ഉടലെടുക്കുന്നു.

എന്താണ് ധർമം? പ്രകൃതിക്കിണങ്ങുന്ന ജീവിതത്തി​​​െൻറ കർമവഴിയിലൂടെ പോകുമ്പോഴാണ് ധർമം നിറവേറ്റപ്പെടുന്നത്. ബ്രഹ്മസങ്കൽപത്തിൽ ധർമം സാധാരണവും സ്വാഭാവികവുമായ ആവശ്യങ്ങൾ നിർവഹിക്കുക തന്നെയാണ്. അനർഹമായ അധികാരത്തെ സകലർക്കുംമേൽ അവരോധിച്ച രാവണൻ കേന്ദ്രീകൃതമായ അധികാരത്തി​​​െൻറ രൂപമായിരുന്നു. ഇതിനെയാണ് രാജാവായ രാമൻ നേരിട്ടത്. കാട്ടിൽപോയും ഭാര്യയെ ഉപേക്ഷിച്ചും മറ്റും. ആസുരമായ രാവണപരാക്രമത്തിനെതിരെയുള്ള ശാന്തമായ വാക്കായി രാമൻ മാറുകയായിരുന്നു.

ചേതസാ വിചാരിച്ചു കാൺകിലോ പരമാർത്ഥ-
മേതുമേ ചെയ്യുന്നോനല്ലില്ലല്ലോ വികാരവും
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം.

കേവലജീവിതത്തി​​​െൻറ യുക്തിക്കപ്പുറത്തേക്ക് വളർന്നുനിൽക്കുന്നിടത്താണ് രാമകഥക്ക്​ അർഥവികാസം സംഭവിക്കുന്നത്. ‘പരിണാമമില്ലാതൊരാത്മാനന്ദം’ എന്നു പറയുന്നതു നോക്കുക. ബൗദ്ധവും ഇസ്​ലാമികവും ക്രൈസ്തവവുമായ എല്ലാ ആചാരവിശ്വാസങ്ങളെയും ഉൾച്ചേർന്നുനിൽക്കുന്ന അപാരജീവിത സാരാംശത്തിലേക്കാണ് രാമൻ സമീകരിക്കുന്നത്. ജാതി, മതം, വർഗം, വർണം തുടങ്ങി എല്ലാ വിവക്ഷകൾക്കും അപ്പുറത്തുള്ള ജീവിതസത്തയാണ് ആദികാവ്യത്തിലെ രസവിദ്യ.

Tags:    
News Summary - First Poem Ramayanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.