മണ്ണഞ്ചേരി: ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നൽകി ജില്ല കലക്ടർ കൃഷ്ണ തേജ. വെള്ളിയാഴ്ച്ച കലക്ടറുടെയും ഭാര്യ രാഗ ദീപയുടെയും സാന്നിദ്ധ്യത്തിൽ മകൻ റിഷിത് നന്ദയുടെ കൈയിൽനിന്നും സ്നേഹജാലകം പ്രസിഡന്‍റ് എൻ.പി. സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. കലക്ടറുടെ മകൻ റിഷിത് നന്ദയുടെ ജന്മദിനം കൂടിയായിരുന്നു വെള്ളിയാഴ്ച.
സ്നേഹജാലകം ഭാരവാഹികളായ ആർ. പ്രവീൺ, ജോയി സെബാസ്റ്റ്യൻ, ജയൻ തോമസ്, വി.കെ. സാനു എന്നിവരും ഒപ്പമുണ്ടായിരുന്നു. വിശപ്പ് രഹിത കേരളം പദ്ധതിക്കുതന്നെ വഴികാട്ടിയാവും വിധം ക്യാഷ്യറോ, പണപ്പെട്ടിയോ ഇല്ലാത്ത കേരളത്തിലെ ആദ്യത്തെ ജനകീയ ഭക്ഷണശാലയും കേരളത്തിലെ ആദ്യത്തെ ജനകീയ ലബോറട്ടറിയും അടക്കം നൂതനങ്ങളായ അനവധി പാലിയേറ്റീവ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ച സംഘടനയാണ് സി.ജി ഫ്രാൻസീസ് സ്മാരക ട്രസ്റ്റിനു കീഴിലുളള്ള സ്നേഹജാലകം.
കഴിഞ്ഞ മാസം നടന്ന സ്നേഹജാലകത്തിന്‍റെ വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് തന്നാൽ കഴിയുന്ന എല്ലാ പിന്തുണയും സ്നേഹജാലകം പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് കലക്ടർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആദ്യ ശമ്പളം സ്നേഹജാലകത്തിനു നൽകാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട് എന്ന് ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ആലപ്പുഴയിൽ നടക്കുന്ന വിവിധങ്ങളായ സന്നദ്ധ - സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ അറിയിക്കുക കൂടിയാണ് ഇത്തരം ഒരു പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ആലപ്പുഴയിൽ സബ് കലക്ടർ ആയിരിക്കെ പ്രളയകാലത്ത് ''ഐ ആം ഫോർ ആലപ്പി'' എന്ന കൂട്ടായ്മ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.