മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയുമായി ഫിഷറീസ് വകുപ്പ്

കണ്ണൂർ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന ഉരുവോ സ്വതന്ത്രവലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വേലിയേറ്റ സമയത്ത് ഉറപ്പിച്ചയന്ത്രം ഉപയോഗിച്ചും നാല് മീറ്ററില്‍ കൂടുതല്‍ വായ്വട്ടമുള്ള കുറ്റിവല അഥവാ ഊന്നിവല ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം തടയും.

പ്രജനനത്തിന് സഹായകരമായ വസ്തുക്കള്‍ സ്വകാര്യമായി സ്ഥാപിച്ചുള്ള മത്സ്യബന്ധനം, സംരക്ഷിത മത്സ്യപ്രദേശങ്ങളില്‍നിന്നോ സംരക്ഷിത മത്സ്യസങ്കേതങ്ങളില്‍നിന്നോ ഉള്ള മത്സ്യബന്ധനം, അഴിമുഖത്തുനിന്ന് കായല്‍ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ ഊന്നിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം.

പാലങ്ങള്‍ക്ക് ഇരുവശങ്ങളിലായി 50 മീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ പൊതുജലാശയങ്ങളില്‍ മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള മത്സ്യബന്ധനം, കൂടുതല്‍ വാട്സ് ശക്തിയുള്ള ഇലക്ട്രിക് വിളക്കുകള്‍ ഉപയോഗിക്കല്‍, പൊതുജലാശയത്തിന്റെ വീതിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തല്‍ എന്നിവ അനുവദിക്കില്ല.

തോട്ട പൊട്ടിക്കല്‍, വിഷം കലര്‍ത്തല്‍, വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിടല്‍ എന്നിവയും കര്‍ശനമായി തടയും. ഒരു മീറ്ററില്‍ കൂടുതല്‍ നീളമോ വീതിയോ ഉള്ള വലകളില്‍ കണ്ണി വലുപ്പം 20 മില്ലീമീറ്റര്‍ കുറയാന്‍പാടില്ല.

മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മിതികളോ ജലാശയങ്ങളില്‍ മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടില്ല.

രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യകൃഷി ചെയ്യുന്നവര്‍ക്കെതിരെയും പൊതുജലാശയങ്ങളില്‍നിന്ന് അനുമതിയില്ലാതെ മത്സ്യവിത്ത് ശേഖരിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല ഫിഷറീസ് മേധാവി അറിയിച്ചു. പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ജില്ല ഫിഷറീസ് മേധാവിയുടെ 0497 2731081 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.

Tags:    
News Summary - Fisheries Department has taken steps to protect fish resources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.