മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേനയുടെ അഞ്ച് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ച് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലിസ്റ്റിക് പരിശോധനക്ക് അയക്കാനാണ് ഇവ കസ്റ്റഡിയിലെടുത്തത്. നാവിക സേനാംഗങ്ങളുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തത വരുത്താനാണ് നീക്കം. തോക്കുകൾ കസ്റ്റഡിയിലെടുക്കാൻ നാവിക സേന സമ്മതിച്ചതോടെയാണ് മട്ടാഞ്ചേരി എ.എസ്.പി നേരിട്ടെത്തി നടപടി പൂർത്തിയാക്കിയത്.

വെടിയേറ്റ സമയത്ത് അഞ്ചുപേരാണ് നാവിക സേനയിൽ പരിശീലനം നടത്തിയിരുന്നത്. എന്നാൽ, ഇവരുടെ പേരു വിവരങ്ങൾ നാവിക സേന പുറത്തുവിടാൻ തയാറായിട്ടില്ല. നാവിക ​സേനയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുളള ഇൻസാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ബോട്ടിൽനിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ധ പൊലീസിനെ അറിയിച്ചത്. ബുള്ളറ്റ് കണ്ടെത്തിയ ബോട്ടിന്‍റെ സംഭവ ദിവസത്തെ ജി.പി.എസ് വിവരങ്ങൾ നാവികസേന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുള്ളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നര കിലോമീറ്റർ അകലേക്ക് എത്തില്ലെന്നാണ് സേന പറയുന്നത്. മാത്രമല്ല, ഇൻസാസ് പോലുളള റൈഫിളുകൾ ഉപയോഗിച്ച് നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത്. ബുള്ളറ്റുകൾ ഇവിടെയുള്ള ഭിത്തിയിൽ തട്ടിത്തെറിക്കും വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ നാവിക സേന പരിശീലന കേന്ദ്രത്തിൽ നിന്നുള്ള വെടിയേറ്റല്ല മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്നാണ് വാദം. 

Tags:    
News Summary - Fisherman shot incident: Five guns of the Navy were taken into custody by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.