മത്സ്യത്തൊഴിലാളി നേതാവ് ലാൽ കോയിപ്പറമ്പിൽ അന്തരിച്ചു

ആലപ്പുഴ: സ്വതന്ത്ര മൽസ്യത്തൊഴിലാളി യൂണിയൻ നേതാവ് ലാല്‍ കോയില്‍പ്പറമ്പില്‍ (69) അന്തരിച്ചു. കുറച്ചു ദിവസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 10ന് അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍.

അര്‍ത്തുങ്കല്‍ കോയില്‍പ്പറമ്പില്‍ കുടുംബാംഗമായ ലാൽ, അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് എച്ച്.എസ്, ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ രൂപതയുടെ കാത്തലിക് യൂത്ത് മൂവ്‌മെന്‍റ് (കെ.സി.വൈ.എം) സംഘടനയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്. കെ.സി.വൈ.എം രൂപത പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 1980ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ സാമൂഹിക വിഷയങ്ങൾ ഉയര്‍ത്തി പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു.

ഗൂഡല്ലൂരില്‍ കുടിയിറക്കല്‍ സമരം നടന്നപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായി സമരത്തിന്‍റെ ഭാഗമായി. അതിനിടെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്‍റ് സ്ഥാനങ്ങൾ വഹിച്ചു. ട്രോളിങ് നിരോധനത്തിനെതിരെ ആറു തവണ നിരാഹാര സമരം നടത്തി.

ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ചേര്‍ത്തലയില്‍ നിന്ന് ജെ.എസ്.എസ് സ്ഥാനാര്‍ഥിയായി ലാല്‍ കോയില്‍പ്പറമ്പിലിനെ പരിഗണിച്ചിരുന്നു.

ഭാര്യ: മിനി പീറ്റര്‍ (അധ്യാപിക സെന്‍റ് ഫ്രാന്‍സീസ് അസീസി എച്ച്.എസ്.എസ് അര്‍ത്തുങ്കല്‍. പൊന്‍കുന്നം വയലുങ്കല്‍ കുടുംബാംഗം). മക്കള്‍: നിഥിയ ലാല്‍ (ന്യൂസിലന്‍ഡ്), നിഥിന്‍ ലാല്‍ (ബംഗളൂരു). മരുമകന്‍: മിഥുന്‍ ജാക്‌സണ്‍ ആറാട്ടുകുളം (ന്യൂസിലന്‍ഡ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.