കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട് കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി. 'അജ്മീർ ഷാ' ബോട്ട് മംഗരൂരു തീരത്ത് കണ്ടെത്തിയ വിവരം നിയുക്ത ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും റിയാസ് പറഞ്ഞു.
കാലാവസ്ഥ അനുകൂലമായാൽ അജ്മീർ ഷായും മിലാദ് 03 എന്ന രണ്ടാമത്തെ ബോട്ടും വൈകാതെ കരയിലെത്തുമെന്ന് തീരദേശ പൊലീസ് മേധാവി ഐ.ജി പി. വിജയൻ അറിയിച്ചു.
കഴിഞ്ഞ അഞ്ചിനാണ് കാണാതായ അജ്മീർ ഷാ എന്ന ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായിരുന്നു. ആണ്ടവർ തുണൈ എന്ന ബോട്ടാണ് ശനിയാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപെട്ടത്. ഏപ്രിൽ 29ന് കൊച്ചിയിലെ വൈപ്പിൻ ഹാർബറിൽനിന്ന് പുറപ്പെട്ടതാണ്. ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യക്കാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.