അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. തിരുവന്തപുരം ആനാവൂർ ആലത്തൂർ മറ്റക്കുന്ന് യേശുദാസിന്‍റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിങ്കര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനം ചാക്കോയുടെ മകൻ സുമോദ് (43), കൊല്ലം മൺട്രോത്തുരുത്ത് കിടപ്രാംനോർത്ത് അരുൺ നിവാസിൽ രാധാമണിയുടെ മകൻ അമൽ (28)എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച ഒന്നരക്കായിരുന്നു അപകടം. ഐ.എസ്.ആർ.ഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു. കൊല്ലം ഭാഗത്തേക്ക് അരി കയറ്റിവന്ന ലോറിയിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ദിശമാറി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം.
കാർ പൂർണമായും തകർന്നു. സംഭവസ്ഥലത്ത് നാലു പേരും ഗുരുതര പരിക്കേറ്റ അമൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ആലപ്പുഴ, തകഴി യൂനിറ്റിൽ നിന്ന് ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.