തിരുവനന്തപുരം: ഡിസംബർ മൂന്ന് മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഡിസംബർ നാലിന് ദേശീയാടിസ്ഥാനത്തിൽ നാഷനൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടത്താൻ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് തീരുമാനിച്ച സാഹചര്യത്തിലാണ് മാറ്റം.
ഹൈസ്കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ നാസ് പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീയതി മാറ്റാൻ തീരുമാനിച്ചത്. ഡിസംബർ 12 മുതൽ 20 വരെ സ്കൂളുകളിൽ രണ്ടാം പാദവാർഷിക പരീക്ഷയും 21 മുതൽ 29 വരെ ക്രിസ്മസ് അവധിയുമാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന കലോത്സവം മാറ്റിയതിനനുസരിച്ച് സ്കൂൾ, ഉപജില്ല, ജില്ല കലോത്സവങ്ങൾ പൂർത്തിയാക്കേണ്ട തീയതിയിലും മാറ്റംവരുത്തി. സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ല തലം നവംബർ പത്തിനകവും ജില്ല തലം ഡിസംബർ മൂന്നിനകവും പൂർത്തീകരിക്കും. കലോത്സവത്തിന് മുന്നോടിയായി കലോത്സവ മാന്വലിൽ ഭേദഗതികൾ ഉൾപ്പെടുത്തി പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശീയ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ അഞ്ചിനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കലോത്സവ വെബ്സൈറ്റ് പരിഷ്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.