കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലം റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അസ്ഫാഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പൊലീസ് അപേക്ഷ നൽകുമെന്നാണ് സൂചന. അതേസമയം, കേസ് അന്വേഷിക്കുന്ന സംഘം പ്രതിയുടെ നാടായ ബിഹാറിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ബിഹാറിലേക്ക് പോകുന്നത്.
വെള്ളിയാഴ്ച കാണാതായ ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരി മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ 21 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയതകൾക്കുമൊടുവിലാണ് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ കുന്നുകൂടിയ പ്രദേശത്ത് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നാട് നടുങ്ങിയ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്തുള്ള വീട്ടിൽനിന്നാണ് കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന് വൈകീട്ട് ഏഴരയോടെ കുട്ടിയുടെ മാതാവ് ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമീപവാസികളുടെ മൊഴിയെടുത്തുമാണ് പ്രതിയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.