തൃശൂർ: കരുവന്നൂരിൽ മടക്കി നൽകാനുള്ളത് 150 കോടി രൂപയുടെ സ്ഥിര നിക്ഷേപം. നിശ്ചിത കാലാവധിയിൽ നിക്ഷേപിച്ച 5000ത്തോളം പേർക്കാണ് ഇത്രയും തുക മടക്കി നൽകാനുള്ളതെന്ന് സഹകരണ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പലരുടെയും നിക്ഷേപ കാലാവധി ഒന്നും ഒന്നരയും വർഷം മുമ്പ് കഴിഞ്ഞതാണ്. ഇവ വീണ്ടും ദീർഘകാലത്തിലേക്ക് പുതുക്കി നൽകിയിട്ടുണ്ട്. മറ്റ് നിക്ഷേപങ്ങൾ ഇതിന് പുറമെയാണ്. അടിയന്തരാവശ്യത്തിന് പോലും വേണ്ട പണം കിട്ടുന്നില്ലെന്നതാണ് നിക്ഷേപകരെ വിഷമത്തിലാക്കുന്നത്. ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെയാണ് ഇപ്പോഴും നല്‍കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി സമയത്ത് പണമിടപാടിന് ഹൈകോടതി നിർദേശിച്ചതാണിത്.
മാസങ്ങൾക്കുശേഷവും സ്വർണമടക്കം വിറ്റ് തുക കണ്ടെത്തിയിട്ടും ഇതിൽ മാറ്റം വരുത്താൻ ബാങ്കിനായിട്ടില്ല. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് ഇപ്പോൾ. ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനകൾക്കും ബാങ്ക് പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുമായി സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ കമ്മിറ്റി ശിപാർശകൾ ഇപ്പോഴും നടപ്പായിട്ടില്ല. ജില്ലയിലെ മറ്റ് സഹകരണ സംഘങ്ങളില്‍നിന്ന് 50 കോടി സമാഹരിച്ച് കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്നായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, ഇങ്ങനെ തുക കൈമാറരുതെന്ന് അർബൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് സർക്കുലർ നൽകിയതോടെയാണ് ഈ നീക്കം നിലച്ചത്.
റബ്കോയിലെ എട്ടുകോടിയുടെ നിക്ഷേപം തിരികെ വാങ്ങണം, കൈയിലുള്ള ഉപയോഗിക്കാത്ത ആസ്ഥികള്‍ വിറ്റ് പണം സമാഹരിക്കണം എന്നീ ശിപാർശകളും നടപ്പായില്ല. സ്വർണ ലേലത്തിലാകട്ടെ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. നൂറോളം ജാമ്യ ഭൂമികൾ പലവട്ടം ലേലത്തിൽ വെച്ചെങ്കിലും വാങ്ങാനാളില്ല. ജാമ്യവസ്തുവിന്റെ മൂല്യം പത്തിരട്ടിവരെ പെരുപ്പിച്ചുകാട്ടിയാണ് വായ്പകളെടുത്തിട്ടുള്ളത്.
അതിനാൽ വിപണിമൂല്യത്തിന്റെ പല മടങ്ങാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളതെന്നതാണ് വാങ്ങാനാളില്ലാത്തതിന് കാരണം. മാടായിക്കോണം, പൊറത്തിശ്ശേരി, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് ഈ ജാമ്യഭൂമികൾ. 20 ലക്ഷം രൂപ മുതൽ നാലരക്കോടി വരെ വായ്പയെടുത്തശേഷം തിരിച്ചടക്കാത്തവർ ഇക്കൂട്ടത്തിലുണ്ട്. ഇതിൽ ചെറിയ തുകകളൊഴികെ ബഹുഭൂരിപക്ഷവും തട്ടിപ്പ് വായ്പകളുടെ കൂട്ടത്തിലുള്ളവയാണ്. 50 ലക്ഷം രൂപ പരമാവധി വ്യക്തിഗത വായ്പ പരിധിയുള്ളപ്പോഴാണ് നാലരക്കോടി വരെ നൽകിയത്.
മുഖ്യപ്രതികളിലൊരാളും ബാങ്കിന്റെ മുൻ മാനേജരുമായ ബിജു കരീമിന്റെ കാർ ക്രൈംബ്രാഞ്ച് ലേലം ചെയ്തിട്ടുണ്ടെങ്കിലും കിട്ടിയ വരുമാനം എത്രയെന്ന് അറിയില്ല. ഇടപാടിന് തൃശൂർ വിജിലൻസ് കോടതിയുടെ അനുമതി ലഭിച്ചാലേ അത് ബാങ്കിലേക്ക് വരവ് വെക്കാനാവൂ. നിക്ഷേപകർക്ക് മുഴുവൻതുകയും കൊടുത്ത് തീർക്കാൻ സർക്കാർ ഇടപെടലല്ലാതെ മറ്റ് മാർഗങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.