പത്തനംതിട്ട: ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തി.
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന ട്രഷറർ എസ്.കെ. സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതാക ജാഥയും വെഞ്ഞാറമൂട് ഹഖ്-മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ പുറപ്പെട്ട കൊടിമര ജാഥയും തിരുവല്ലയിൽ സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖ പ്രയാണവും വൈകീട്ട് 6.30ഓടെയാണ് നഗര കേന്ദ്രത്തോട് ചേർന്ന ശബരിമല ഇടത്താവളത്തിൽ ഉയർന്ന സമ്മേളന നഗറിൽ എത്തിയത്. മൂന്ന് ജാഥകളും ഉച്ചയോടെ ജില്ല അതിർത്തിയായ ഇടിഞ്ഞില്ലത്ത് സംഗമിച്ചു.
അവിടെനിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥകൾ വൈകീട്ട് പത്തനംതിട്ട നഗരത്തിലേക്ക് എത്തിയത്.
കൊടിമരം മുൻ എം.എൽ.എ രാജു എബ്രഹാമും പതാക സ്വാഗതസംഘം ജനറൽ കൺവീനർ പി.ബി. സതീഷ്കുമാറും ദീപ ശിഖ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സംഘേഷ് നായരും ഏറ്റുവാങ്ങി. തുടർന്നായിരുന്നു പതാക ഉയർത്തൽ. മന്ത്രി വീണ ജോർജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് എന്നിവരും സംബന്ധിച്ചു.
വ്യാഴാഴ്ച രാവിലെ ശബരിമല ഇടത്താവളത്തിലെ പ്രതിനിധി സമ്മേളന നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയർത്തും. പ്രമുഖ ചിന്തകൻ സുനിൽ പി. ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
635 പ്രതിനിധികൾ പങ്കെടുക്കും.30ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
തുടർന്ന് ജില്ല സ്റ്റേഡിയത്തിൽ സമ്മേളനത്തിന് സമാപനംകുറിച്ച് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.