‘അൻവർ വിപ്ലവ സൂര്യൻ, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല’; സി.പി.എമ്മിന് മറുപടിയായി ജന്മനാട്ടിൽ ഫ്ലക്സ്

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്‍റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 'അൻവർ വിപ്ലവ സൂര്യൻ' എന്നും 'കൊല്ലാം പക്ഷെ തോൽപിക്കാനാവില്ലെ'ന്നും ഫ്ലക്സിൽ പറയുന്നു. ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

''സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻ തറവാട്ടിലെ, പൂർവികർ പകർന്നു നൽകിയ കലർപ്പില്ലാത്ത പോരാട്ടവീര്യം സിരകളിൽ ആവാഹിച്ച്... ഇരുൾ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്... ജനലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങൾ സമ്മാനിച്ച് കൊണ്ട്... വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണിൽ നിന്നും ജ്വലിച്ചുയർന്ന പി.വി. അൻവറിന് ജന്മനാടിന്‍റെ അഭിവാദ്യങ്ങൾ''. -എന്നാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.

കഴിഞ്ഞ ദിവസം അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. മലപ്പുറം തുവ്വൂരിൽ അൻവറിന് അഭിവാദ്യമര്‍പ്പിച്ച് ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലും ഫ്ലക്സ് ബോര്‍ഡ് ഉയർന്നു. പി.വി അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സിൽ കുറിച്ചിട്ടുള്ളത്.

അൻവറിനെതിരെ സി.പി.എമ്മിന്‍റെ ഫ്ലക്സ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’ എന്നാണ് പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രമുള്ള ബോര്‍ഡിൽ കുറിച്ചിരുന്നത്.

ഫ്ലക്സ് വെച്ചിരിക്കുന്നത് ഞങ്ങളുടെ സ്ഥലത്ത് തന്നെയാണെന്നും വീടിന് മുമ്പിൽ റോഡ് വീതി കുറവായത് കൊണ്ട് വെക്കട്ടേയെന്ന് ചോദിച്ചപ്പോൾ അനുവദിച്ചെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം. ‘അത് വെച്ചിരിക്കുന്നത് നമ്മുടെ സ്ഥലത്ത് തന്നെയാണ്. കാരണം സഖാക്കൾക്കിത് വെക്കാൻ ഇവിടെ വേറെ സ്ഥലമില്ല. വീടിന്റെ മുമ്പിൽ റോഡ് വീതി കുറവാണ്. അപ്പോൾ എന്നോട് ചോദിച്ചു, വെക്കട്ടേയെന്ന്. അതിനെന്താ കുഴപ്പം, ഈ പാർട്ടിയിൽ വിമർശനം ഉള്ളതല്ലേ. അതിനെയൊക്കെ ആ സ്പോർടസ്മാൻ സ്പിരിറ്റിൽ കണ്ടാൽ മതി’ -അൻവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്ന അൻവറിനെതിരെ സി.പി.എം പ്രവർത്തകർ നിലമ്പൂരിൽ കഴിഞ്ഞ ദിവസം കൊലവിളി പ്രകടനം നടത്തിയിരുന്നു. ‘ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും’, ‘മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടി അരിയും’... ഉൾപ്പെടെ പ്രകോപന മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കി.

'ചെങ്കൊടി തൊട്ടുകളിക്കണ്ട' എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിൽ പ്രകടനം നടന്നത്. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Tags:    
News Summary - Flex board in Home land in support of PV Anwar MLA.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.