കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലക്ക് പുതിയ ദിശാബോധം നല്കി കേരള ട്രാവല്‍ മാര്‍ട്ട് - കെ.ടി.എം ഞായറാഴ്ച സമാപിക്കും. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്വെന്ഷന് സെന്ററിലാണ് പരിപാടി. സമാപനദിനത്തിൽ ഉച്ചക്ക് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം.
ഉത്തരവാദിത്ത ടൂറിസം, കാരവാന്, വി-ആര് ടൂറിസം അനുഭവം, കണ്ണഞ്ചിപ്പിക്കുന്ന പവലിയനുകള്‍ എന്നിവ കേരള ട്രാവല്‍ മാര്ട്ടിന് മാറ്റു കൂട്ടുന്നു. മൊത്തം 347 സ്റ്റാളുകളാണ് കെ.ടി.എമ്മിലുള്ളത്. കേരളത്തിലെ ടൂറിസം മേഖലയുടെ നേര്‍ക്കാഴ്ച ട്രാവല്‍ മാര്‍ട്ടിലൂടെ സന്ദര്‍ശകര്‍ക്ക് ദൃശ്യമാകും. ടൂറിസം മേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ദ്രുതഗതിയില്‍ സംഭവിക്കുന്നതിനും കെ.ടി.എം പന്ത്രണ്ടാമത് ലക്കം സാക്ഷ്യം വഹിക്കുന്നുണ്ട്.
പുതുതലമുറയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ടൂറിസം മേഖലയുടെ അടിമുടി മാറ്റത്തിനും കെ.ടി.എം തുടക്കം കുറിച്ചു. ചരിത്രത്തിലാദ്യമായി 2,839 ബയര്‍മാര്‍ മാര്‍ട്ടിൽ പങ്കെടുത്തു.
കൊച്ചി: നിർമിതബുദ്ധി (എ.ഐ)സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭാവിയിലെ സഞ്ചാരികള്‍ ടൂറിസം മേഖലയെ സമീപിക്കാന്‍ പോകുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെ.ടി.എം) നടന്ന സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം നേരിടാനും ഉപയോഗപ്പെടുത്താനും സംസ്ഥാനത്തെ ടൂറിസം മേഖല സ്വയം തയാറെടുക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ‘ടൂറിസം വ്യവസായത്തില്‍ എ.ഐയുടെ ഉപയോഗം’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.
പൂര്‍ണമായും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിക്കുന്ന തലമുറയാണ് ഇപ്പോൾ 20 വയസ്സില്‍ താഴെയുള്ളവരെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവരാണ് ഭാവിയിലെ സഞ്ചാരികള്‍. ചരിത്രസ്മാരകങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ എ.ആര്-വി.ആര് സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്മാര്‍ട്ട് ടൂറിസം ഡെസ്റ്റിനേഷനുകളുടെ എണ്ണം സംസ്ഥാനം ഗണ്യമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എ.ഐ സാങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കള്‍ സ്വീകരിച്ചു കഴിഞ്ഞെന്ന് ഐ.ബി.എം ജെന്‍ എ.ഐ കണ്സല്ട്ടിംഗ് പാര്‍ട്ണര്‍ ശമീന്ദ്ര ബസു പറഞ്ഞു. ട്രാവല്‍ പ്ലാനേഴ്സ് സി.ഇ.ഒ പി.കെ. അനീഷ് കുമാര്‍ മോഡറേറ്ററായിരുന്നു. കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, സെമിനാര്‍ കമ്മിറ്റി ചെയര്മാന് റിയാസ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.