തിരുവനന്തപുരം: പ്രളയസെസ് ഏർപ്പെടുത്താൻ വൈകുമെന്ന സൂചന നൽകി ധനമന്ത്രി തോമസ് െഎസക്. ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും വിശദാംശം സഹിതം വിജ്ഞാപനമിറങ്ങണം. തുടർന്ന് ജി.എസ്.ടി കൗൺസിലിനോട് ആവശ്യപ്പെട്ട് ജി.എസ്.ടി.എൻ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയാലേ സെസ് പ്രാബല്യത്തിൽ വരൂ. ഇക്കാര്യത്തിൽ നിരവധി നടപടി പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ അന്തിമ ഉപധനാഭ്യർഥനകളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രളയസെസ് വിലക്കയറ്റമുണ്ടാക്കാൻ േപാകുന്നെന്ന പ്രചാരണം ശരിയല്ല. ജി.എസ്.ടി നടപ്പായ ഘട്ടത്തിൽ മിക്ക സാധനങ്ങളുടെയും നികുതിയിൽ 5- 10 ശതമാനം വരെ കുറവുണ്ടായി. ഇങ്ങനെ ലഭിക്കുന്ന നികുതിയിളവ് ആനുകൂല്യത്തിൽ ഒരു ശതമാനം ജനങ്ങൾക്ക് ലഭിക്കില്ല എന്നത് മാത്രമാണ് സംഭവിക്കുക. സിനിമ ടിക്കറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്താൻ നൽകിയ അനുമതി നിരക്ക് വർധിപ്പിക്കുമെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. ജി.എസ്.ടി ഏർപ്പെടുത്തുന്നതിന് മുമ്പ് 28 ശതമാനമായിരുന്നു നികുതി. ജി.എസ്.ടിയോടെ 18 ശതമാനമായി കുറഞ്ഞു. ഇളവ് വന്ന 10 ശതമാനമാണ് വിനോദനികുതിക്കായി വ്യവസ്ഥ ചെയ്യുന്നത്.
ഒാഖി പാക്കേജിൽ വലിയ പുലിമുട്ടിനും കടൽഭിത്തിക്കും 250 കോടി ചെലവിട്ടു. പരപ്പനങ്ങാടി ഹാർബറിന് 115 കോടിയും ചെത്തി ഹാർബറിന് 100 കോടിയും നേരത്തേ അനുവദിച്ചു. 2016-17ൽ കിഫ്ബിയിൽ സമർപ്പിച്ച പദ്ധതികളിൽ 64 ശതമാനത്തിനും 2017-18ൽ 74 ശതമാനത്തും അനുമതി നൽകിയിരുന്നു. ഇതിൽ 48 ശതമാനം പദ്ധതികളും ടെൻഡറിങ്ങിലാണ്. ടെൻഡർ ലഭിച്ചതിൽ 79 ശതമാനം പദ്ധതികളും തുടങ്ങിക്കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.