പ്രളയ നഷ്ടപരിഹാരം നൽകിയില്ല; സർക്കാർ വാഹനം ജപ്തി ചെയ്തു

കാക്കനാട്: പ്രളയത്തിൽ വീടിന് നാശനഷ്ടം നേരിട്ടയാൾക്ക്  ഒരുവർഷം മുമ്പ് ലോക് അദാലത്ത് ഉത്തരവിട്ടിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സർക്കാർ വാഹനം ജപ്തി ചെയ്തു.  പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാര തുക വിതരണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനമാണ് ജപ്തി ചെയ്തു. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ബൊലേറോ ജീപ്പാണ് സ്ഥിരം ലോക് അദാലത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജപ്തി ചെയ്തത്.

അതേസമയം നിയമപ്രകാരമുള്ള സഹായ ധനം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജപ്തി ചെയ്ത വാഹനം പിന്നീട് ദുരന്ത നിവാരണ വിഭാഗം കച്ചീട്ട് നൽകി തിരികെ വാങ്ങി.

കടമക്കുടി കോതാട് സ്വദേശി കെ.പി സാജുവിന്റെ അപ്പീലിലാണ് വെള്ളിയാഴ്ച രാവിലെ ജപ്തി നടത്തിയത്. 2018ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിൽ സർക്കാർ അടിയന്തിര ധനസഹായമായി 10,000 രൂപയും വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ട് പ്രകാരം 60,000 രൂപയുമായിരുന്നു സാജുവിന് നൽകിയിരുന്നത്. എന്നാൽ വീടിനും വീട്ടുപകരണങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ജില്ലാ ഭരണകൂടത്തെയും ഇത് തള്ളിയതോടെ സ്ഥിരം ലോക് അദാലത്തിനെയും സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സാജുവിന് കൂടുതൽ തുക നൽകാൻ ഉത്തരവിട്ട് അദാലത്ത് വിധി പറഞ്ഞിരുന്നു. വിധി നടപ്പാക്കാത്ത സാഹചര്യത്തിലാണ് ജപ്തി ചെയ്തത്.

രാവിലെ പത്ത് മണിയോടെ ജപ്തി നോട്ടീസ് പതിച്ച് നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് ഇതുമായി ബന്ധപ്പെട്ട ഹിയറിംഗിന് ഹാജരാകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജപ്തി ചെയ്തെങ്കിലും സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കാനുള്ള കച്ചീട്ട് നൽകി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. ഉഷ ബിന്ദുമോൾ വാഹനം തിരികെ വാങ്ങി.

പരാതിക്കാരന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയമപ്രകാരമുള്ള ദുരിതാശ്വാസ സഹായങ്ങൾ ഇതിനോടകം നൽകിയിട്ടുള്ളതിനാൽ കൂടുതൽ തുക നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇത്തരം പരാതികൾക്കെതിരെ മേൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Flood compensation not paid; government vehicle impounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.