ദേവനന്ദ

ഭക്ഷ്യവിഷബാധ: കാസർകോട് ഷവർമ കഴിച്ച പെൺകുട്ടി മരിച്ചു

ചെറുവത്തൂർ (കാസർകോട്): ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേവനന്ദ ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണം.

വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കൂൾബാർ നാട്ടുകാർ എറിഞ്ഞുതകർത്തു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ചെറുവത്തൂർ രാമൻചിറയിലെ കുമാരന്‍റെ മക്കളായ അഥർവ് (15), അദ്വൈത് (15), പുത്തിലോട്ടെ സുകുമാരന്‍റെ മകൻ അഭിജിത്ത് (18), തൈക്കടപ്പുറത്തെ സത്താറിന്‍റെ മക്കളായ മഹൽ (6), അമർ (12), തിമിരിയിലെ ശങ്കരൻകുട്ടിയുടെ മകൻ ആകാശ് (21), ചെറുവത്തൂർ മഹേഷിന്‍റെ മകൻ കാർത്തിക്ക് (12), ചെറുവത്തൂരിലെ രാജീവിന്‍റെ മകൾ രഞ്ജിനി (17), ബാലകൃഷ്ണന്‍റെ മകൾ സൂര്യ (15), പുത്തിലോട്ട് ബാലകൃഷ്ണന്‍റെ മകൻ അഭിനന്ദ് (16), അമ്മിഞ്ഞിക്കോട്ടെ രാജീവന്‍റെ മക്കളായ അബിൻ രാജ് (15), വൈഗ (11), ചെറുവത്തൂർ പിലാവളപ്പിലെ അഷ്റഫിന്‍റെ മകൾ ഫിദ ഫാത്തിമ (12), പിലിക്കോട്ടെ സുരേഷിന്‍റെ മകൾ റോഷ്ന (17), സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ് കുമാർ, അരുൺ കുമാർ, സിറാജ്, അബ്ദുൾ സലാം, രാജേഷ് സുരേഷ് ബാബു, കലേഷ് എന്നിവരാണ് കാഞ്ഞങ്ങാട് ജില്ല ആശു പത്രിയിൽ ചികിത്സയിലുള്ളത്.

ചികിത്സ തേടിയ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് ഡി.എം.ഒ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. എം.എൽ.എമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സബ് കലക്ടർ ഡി.ആർ. മേഘശ്രീ, തഹസിൽദാർ മണിരാജ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

Tags:    
News Summary - Food poisoning: Kasargod girl dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.