ഗാന്ധിനഗർ: സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ. ഇതിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് ഗുരുതരാവസ്ഥയിൽ. ഇവർ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്.
സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് (മലപ്പുറം മന്തി) ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടലിൽനിന്ന് അൽഫാം കഴിച്ച നഴ്‌സിന്‍റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നിലവഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിനു പിന്നാലെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.
കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയിലാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. 21 പേരിൽ 18 പേർ കോട്ടയം മെഡിക്കൽ കോളജ്, കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്. വയറിളക്കവും ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിനെതിരെ നടപടിയെടുത്തത്. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സിന്‍റെ സ്ഥിതി ഗുരുതരമായത്. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.