ഭക്ഷ്യസുരക്ഷ പദ്ധതി: വിതരണശൃംഖലയുടെ ഓണ്‍ലൈന്‍വത്കരണം അട്ടിമറിക്കുന്നു

തൃശൂര്‍:  എഫ്.സി.ഐ ഗോഡൗണ്‍ മുതല്‍ റേഷന്‍കടയില്‍ കാര്‍ഡ് ഉടമകള്‍ക്ക് അരി നല്‍കുന്നത് വരെയുള്ള ഭക്ഷ്യധാന്യ വിതരണ ശൃംഖലയുടെ ഘട്ടങ്ങള്‍ ഓണ്‍ലൈന്‍വത്്കരിക്കുന്നതില്‍ നിന്ന്  സര്‍ക്കാര്‍ പിന്‍മാറുന്നു. ഓണ്‍ലൈന്‍വത്കരണത്തിലൂടെ കുറ്റമറ്റ രീതിയില്‍ വിതരണം നടത്താനുള്ള സാഹചര്യം ഇല്ലാതാവുന്നതോടെ റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്ന നിലവിലെ രീതി തുടരും. അരി വാങ്ങാത്ത ഉടമകളുടെ വിഹിതം എഴുതി എടുക്കുന്നതടക്കം റേഷന്‍ ക്രയവിക്രയത്തില്‍ 35 ശതമാനം മാറ്റം വരുത്താനാവുമെന്ന വകുപ്പുതല അവലോകനമാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്.

സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം വാതില്‍പടിയിലാണ് വിതരണം നടത്തേണ്ടത്. എഫ്.സി.ഐകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ മൊത്ത വിപണനകേന്ദ്രങ്ങളിലും പിന്നീട് റേഷന്‍കടകളിലും എത്തിക്കുന്ന എന്‍ഡ് ടു എന്‍ഡ് പരിപാടി പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കണമെന്നാണ് കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇതിന് ജി.പി.ആര്‍.എസ് സംവിധാനവും റേഷന്‍കടകളിലും എഫ്.സി.ഐകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കണം. കൂടാതെ റേഷന്‍കാര്‍ഡുകളില്‍ ബയോമെട്രിക് രേഖയും വേണം.

ഇവ നടപ്പാക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ പിന്നാക്കം പോകുന്നത്.  എപ്രില്‍ ആദ്യം ഭക്ഷ്യസുരക്ഷ പദ്ധതിയിലേക്ക് പൂര്‍ണമായും പ്രവേശിക്കുമെന്ന് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ആവര്‍ത്തിക്കുമ്പോഴും ഇതിനുള്ള  പ്രാഥമികനടപടികള്‍ പോലും തുടങ്ങിയിട്ടില്ല. പദ്ധതിയുടെ ആത്മാവ് ആയ ഓണ്‍ലൈന്‍വത്കരണത്തില്‍ നിന്നും സര്‍ക്കാറിനെ പിറകോട്ടടിക്കുന്നത് റേഷന്‍മാഫിയകളുടെ ഇടപെടലാണെന്ന് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്.

അതിനിടെ, എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും റേഷന്‍കടകള്‍ വരെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതനുസരിച്ച് ക്ഷണിച്ച കരാറില്‍ നിലവിലുള്ള സ്വകാര്യ മൊത്തവ്യാപാരികളാണ് അധികവും ഏര്‍പ്പെടുന്നത്. എന്നാല്‍, ചരക്കുനീക്കുന്ന വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കരാറിലില്ല. ഒപ്പം റേഷന്‍കടകളിലെ കമ്പ്യൂട്ടര്‍വത്്കരണത്തിലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല കടകളില്‍ ബയോമെട്രിക് രേഖ പരിശോധിക്കുന്നതിനുള്ള ഇ-പോസ്റ്റ് മെഷീന്‍െറ കാര്യത്തിലും നടപടികളില്ല.

ബയോമെട്രിക് രേഖ സംബന്ധിച്ച കാര്യത്തിലും മൗനമായതിനാല്‍ മാര്‍ച്ചില്‍ സാധാരണ കാര്‍ഡാണ് വിതരണത്തിന് ഒരുങ്ങുന്നത്. ഈ മൂന്നുകാര്യങ്ങളില്‍ സര്‍ക്കാര്‍ മുടന്തുന്നതിനാല്‍ റേഷന്‍കടക്കാരും സമരം തണുപ്പിച്ചിരിക്കുകയാണ്. എന്നാല്‍, കമ്പ്യൂട്ടര്‍വത്കരണം വന്നാല്‍ നിലവില്‍ കേന്ദ്രം വെട്ടിക്കുറച്ചിട്ടും സംസ്ഥാനത്ത് ലഭിക്കുന്ന 14.5 ലക്ഷം മെട്രിക് ടണ്‍ അരിയിലൂടെ അധിക വിതരണം നടത്താനാവും.

Tags:    
News Summary - food safty project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.