തൃക്കരിപ്പൂർ: ഫുട്ബാൾ താരം തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്തിനെ(24) റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കൊയോങ്കരയിലെ കെ. ധനേഷ് (24), കെ. ജയൻ (42), എടാട്ടുമ്മലിലെ ഉല്ലാസ് എന്ന നിഖിൽ (35) എന്നിവരെയാണ് ചന്തേര പൊലീസ് വധശ്രമത്തിന് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രിയിൽ ഒമ്പതോടെ കൊയോങ്കര ഗ്രൗണ്ടിൽ സൈക്കിൾ അഭ്യാസ പ്രകടനം കാണാനെത്തിയ അഭിജിത്തിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ യുവാവ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാത്രി വൈകി വീട്ടിലെത്തി വെളിയിൽ പോവുകയായിരുന്നു. പിന്നീട് കാണാതായ യുവാവിനെ പുലർച്ച ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിനരികെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. നേരത്തെ അടിയേറ്റത് കണക്കിലെടുത്താണ് വധശ്രമത്തിന് കേസെടുത്തത്. അഭിജിത്തിന്റെ സുഹൃത്ത് കൊയോങ്കരയിലെ നാരോത്ത് വീട്ടിൽ ജീവസ് ചന്ദ്രന്റെ(24) പരാതിയിലാണ് പൊലിസ് കേസെടുത്തത്. പയ്യന്നൂർ കോളജ് ഫുട്ബാൾ ടീമിൽ ഗോൾ കീപ്പറായിരുന്നു അഭിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.