കൊച്ചി: ബാങ്ക് വായ്പക്കുവേണ്ടി ഈടുവെച്ച ഭൂമി തന്റെ പേരിലുള്ളതാണെന്നും പൊലീസ് സ്റ്റേഷൻ ഈ രേഖകളുടെ ഭാഗമായി വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും മുൻ ഭൂവുടമയായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി സി.ബി. രമേശൻ. ഈട് വസ്തുവുമായി ബന്ധപ്പെട്ട രേഖകളിലെ സാങ്കേതിക പ്രശ്നങ്ങളോ ഭൂമി അളന്നു തിരിക്കുന്നതിൽ സംഭവിച്ച അവ്യക്തതയോ മൂലം പിഴവ് സംഭവിച്ചതാവാം. തന്നെ കുടുക്കാനുള്ള ശ്രമവും ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും രമേശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വകാര്യ വ്യക്തി ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ഈടുവെച്ച പട്ടികയിൽ പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന ഭൂമി കൂടി ഉൾപ്പെട്ടുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽനിന്ന് വായ്പയെടുക്കാൻ രമേശൻ വർഷങ്ങൾക്ക് മുമ്പ് ഈട് നൽകിയ മൂന്ന് ഏക്കറോളം ഭൂമി വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്തിരുന്നു. ലേലത്തിൽ വെച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ.പി. ജോഷി സ്വന്തമാക്കി. ഈ ഭൂമിയുടെ സർവേ നടപടികൾക്കായി ചുമതലപ്പെടുത്തിയ താലൂക്ക് സർവേയർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഭൂമിയും പൊലീസ് സ്റ്റേഷനും ബന്ധപ്പെട്ട കെട്ടിടങ്ങളുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, തന്റെ ഭൂമി റോഡിന് താഴെയും പൊലീസ് സ്റ്റേഷനും അനുബന്ധ കെട്ടിടങ്ങളും മറുഭാഗത്ത് മുകളിലുമാണെന്ന് രമേശൻ പറയുന്നു.
ഫെഡറൽ ബാങ്കിന് പുറമെ അടിമാലി കാർഷിക വികസന ബാങ്കിൽനിന്നും രമേശൻ വായ്പയെടുത്തിരുന്നു. ഫെഡറൽ ബാങ്കിൽ ഈട് നൽകിയ ഭൂമിയോട് ചേർന്ന ഭൂമിയാണ് കാർഷിക വികസന ബാങ്കിലെ വായ്പക്ക് ഈട് നൽകിയത്. എന്നാൽ, ഈ വായ്പ പൂർണമായി തിരിച്ചടച്ച് രേഖകൾ തിരിച്ചെടുത്തിരുന്നു.
ഫെഡറൽ ബാങ്കിലെ വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തി ചെയ്ത ഭൂമി ലേലത്തിൽ പിടിച്ചയാൾ, ഈ സ്ഥലം കൂടി ലേലം കൊണ്ട ഭൂമിയുടെ ഭാഗമാണെന്ന് കരുതിയിരുന്നതായി രമേശൻ പറയുന്നു. അല്ലെന്ന് അറിഞ്ഞതോടെ ഈ ഭൂമി വാങ്ങാൻ ശ്രമം നടത്തി. ലഭിക്കാതിരുന്നതിനെ തുടർന്ന് നിയമ നടപടികളുമായി പോയെങ്കിലും വിജയം കണ്ടില്ല. ഇതിന് ശേഷമാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ (ഡി.ആർ.ടി) സമീപിച്ചത്. ഭൂമി ലേലം പിടിച്ചയാൾ തനിക്കെതിരെ ക്രിമിനൽ കേസുണ്ടാക്കി വരുതിക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതായി സംശയിക്കുന്നതായും രമേശൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈടുവെച്ച ഭൂമിയുടെയും ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുടെയും അടക്കം രേഖകൾ ലഭ്യമാക്കണമെന്ന ആവശ്യം പൊലീസ് ഡി.ആർ.ടിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് ലഭ്യമാകുന്നതോടെ വായ്പക്ക് പൊലീസ് സ്റ്റേഷൻ ഈടായതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരും. ആവശ്യമെങ്കിൽ വീണ്ടും സർവേ നടപടികൾക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.